കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പിൽ ചെയർമാൻ എം.സി. ഖമറുദീൻ എം.എൽ.എയ്ക്കും മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾക്കുമെതിരെ ഫാഷൻ ഗോൾഡിന്റെ കോർപറേറ്റ് മാനേജർ സൈനുൽ ആബിദീൻ മൊഴി നൽകി. കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മധുസൂദനൻനായരുടെ ചോദ്യം ചെയ്യലിൽ കമ്പനി നിയമത്തിന് വിരുദ്ധമായും അനുമതിയില്ലാതെയും പണം പിരിച്ചെന്നും മുന്നറിയിപ്പ് നൽകിയപ്പോൾ ഇടപെടരുതെന്ന് പറഞ്ഞെന്നുമാണ് സൈനുൽ ആബിദീൻ മൊഴി നൽകിയത്.
ബാങ്കിംഗ് മാതൃകയിൽ ദിവസ നിക്ഷേപവും സ്വീകരിച്ചിട്ടുണ്ട്. മാസം 70,000 രൂപ ശമ്പളം പറ്റിയിരുന്ന എം.എൽ.എ ജുവലറിയുടെ ഇന്നോവ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഡ്രൈവറുടെ ശമ്പളവും ചെലവും ജുവലറിയാണ് വഹിച്ചിരുന്നത്. ലീഗ് നേതൃത്വത്തോട് ഖമറുദീൻ സത്യാവസ്ഥ ധരിപ്പിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, ഇൻസ്പെക്ടർമാരായ അബ്ദുൾ റഹിം, എ.എം. മാത്യു, മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീൻകുട്ടി കാസർകോട്ടെത്തി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി കേസുകളുടെ അവലോകനം നടത്തി. മുഴുവൻ കേസുകളുടെ ഫയലുകളും കിട്ടിയ ശേഷം എം.എൽ.എയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ തീരുമാനിക്കും. 112 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ.