കൊല്ലം: ചവറയിൽ അഞ്ചുമാസത്തേക്ക് മാത്രമായി എം.എൽ.എയെ തിരഞ്ഞെടുക്കാൻ ഉപ തിരഞ്ഞെടുപ്പുണ്ടാവുമോയെന്ന് ഇന്നറിയാം. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്റെ തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. ഇക്കുറി തിരഞ്ഞെടുപ്പ് ഇല്ലെങ്കിലും ഉണ്ടെങ്കിലും അണിയറയിൽ മാസ്ക്കുകൾ ഒരുക്കുകയാണ് മുന്നണികൾ. സ്വന്തം പാർട്ടി ചിഹ്നത്തിലുള്ള മാസ്ക് ധരിച്ച് കൊവിഡ് പ്രോട്ടോക്കോളോടെ വീടുകളിൽ കയറിയാൽ വേറിട്ട പ്രചാരണമാവുമെന്നാണ് കണക്കുകൂട്ടൽ. ''നമ്മുടെ ചിഹ്നത്തിൽ'' മാസ്ക്ക് തയ്യാറാക്കുമ്പോൾ ഒട്ടനവധി ചിന്തകളും ബാക്കിയായുണ്ട്. ഇക്കുറി തിരഞ്ഞെടുപ്പില്ലെങ്കിൽ ആറുമാസം കഴിഞ്ഞ് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇത് ഉപയോഗിക്കാനാവുമോ എന്ന ചിന്തയാണ് ഇതിൽ പ്രധാനം. അപ്പോഴേക്കും കൊവിഡ് മാറി എല്ലാം പഴയ പടിയായാൽ മാസ്ക്ക് വേസ്റ്റാവില്ലേയെന്നാണ് ചെറുപ്പക്കാരുടെ ചോദ്യം.