തൃശൂർ: നാല് വർഷത്തിനിടയിൽ 7201 സൂക്ഷ്മ, ചെറുകിട, ഇടത്തരം ചെറുകിട സംരംഭങ്ങൾ ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചെന്ന് വ്യവസായ വകുപ്പ്. 20,336 തൊഴിലവസരങ്ങൾ ഇത് വഴി സൃഷ്ടിക്കാനായി. 2016 മുതലുള്ള കണക്ക് പ്രകാരം 463.38 കോടിയുടെ മൂലധന നിക്ഷേപം. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് തൃശൂർ. ചെറുകിട സംരംഭ മേഖലയുടെ ത്വരിതഗതിയിലുള്ള വളർച്ച ലക്ഷ്യമിട്ട് എന്റർപ്രൈസിംഗ് തൃശൂർ പദ്ധതിയും ജില്ലയിലുണ്ട്.
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പിലാക്കിയ വ്യവസായ യൂണിറ്റുകളിൽ കാർഷികാധിഷ്ഠിതം, ഭക്ഷ്യസംസ്കരണം, ടെക്സ്റ്റൈൽസ്, ഗാർമെന്റ്സ്, ലൈറ്റ് എൻജിനീയറിംഗ്, ബേക്കറി, ഫർണീച്ചർ, മറ്റ് സേവനങ്ങൾ എന്നിവയുമുണ്ട്. സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ സംരംഭകർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന്, ബഹുനില വ്യവസായ സമുച്ചയങ്ങൾക്കും വ്യവസായ എസ്റ്റേറ്റുകൾക്കും വേണ്ടിയുള്ള വികസന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
ചൊവ്വൂരിൽ പൊതു സൗകര്യകേന്ദ്രം
ലൈസൻസുകളും അനുമതികളും ലഭിക്കാൻ വേണ്ടി വരുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാനായി. ഇ.എം.എസ് സംരംഭകത്വ സഹായ പദ്ധതി, ക്ലസ്റ്റർ വികസന പദ്ധതി, ഉദ്യമം രജിസ്ട്രേഷൻ എന്നിങ്ങനെ നിരവധി പദ്ധതികളും ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കുന്നുണ്ട്. ഇതിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി നടപ്പിലാക്കുന്ന ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം വഴി ചൊവ്വൂർ കേന്ദ്രീകരിച്ച് ഒരു പൊതു സൗകര്യകേന്ദ്രം ഡിസംബർ 31ന് മുമ്പായി കമ്മിഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. തൃശൂർ എഡിഷൻ ട്രഡീഷണൽ ഫർണീച്ചർ ക്ലസ്റ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഫർണീച്ചർ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ ഒരുമിപ്പിച്ചാണ് ഈ പൊതു സൗകര്യം ഒരുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി ഒഴിച്ചുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ സ്വയം സാക്ഷ്യപത്രം സമർപ്പിച്ച് ആർക്ക് വേണമെങ്കിലും ആരംഭിക്കാം. ഇതര വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട ലൈസൻസുകൾ, അനുമതികൾ എന്നിവയ്ക്കായുള്ള ഏകജാലക സംവിധാനം സംരംഭകർക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉദ്യമം രജിസ്ട്രേഷൻ പോർട്ടലിൽ ഓൺലൈനായി ആധാർ നമ്പർ ഉപയോഗിച്ച് സൗജന്യമായി അപേക്ഷ സമർപ്പിക്കാം.
' എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റിയൂട്ട്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിന് വേണ്ട ഏകജാലക സംവിധാനമായി പ്രവർത്തിച്ചു വരുന്നുണ്ട്.
ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
നിലവിലുള്ളത്
112.1 ഏക്കർ വിസ്തീർണ്ണത്തിൽ ആറ് വ്യവസായ വികസന പ്ലോട്ടുകൾ
235 വ്യവസായ സംരംഭങ്ങൾ വഴി 1590 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ
353.6 കോടിയുടെ മൂലധന നിക്ഷേപം