തിരുവനന്തപുരം:
‘മലരേ മൗനമാ...
മൗനമേ വേദമാ...
മലർകൾ പേസുമാ
പേശീനാൽ ഓയുമാ അൻപേ...’
എസ്.പി.ബിയുടെ ആ മാന്ത്രിക ശബ്ദം,ഹൃദയം കൊണ്ടാണ് എല്ലാവരും കേട്ടത്.പ്രണയം നിറച്ച് വൈരമുത്തു എഴുതിയ വരികൾ ഭ്രാന്തമായ ആവേശത്തോടെ ആവർത്തിച്ചാവർത്തിച്ച് പാടിയതാണ്. ഒരിക്കൽ നിഷേധിച്ചതിന്റെ പ്രായശ്ചിത്തമെന്നോണം. ഒടുവിൽ കണ്ണുനിറഞ്ഞാണ് മടങ്ങിയത്.
ചിത്രം കർണം. 1994 ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗത്തിൽ അർജുനനും രഞ്ജിതയുമാണ് അഭിനയിച്ചത്. അന്നത്തെ യുവ സംഗീത സംവിധായകൻ വിദ്യാസാഗറാണ് സംഗീതം. ഈ ഗാനം പാടാനായി വിദ്യാസാഗർ ക്ഷണിച്ചപ്പോൾ സമയം എട്ടായി ഇനി പാടാൻ കഴിയില്ലെന്നായി എസ്.പി.ബി. വളരെ നിർബന്ധിച്ചപ്പോൾ തിരിച്ച് ചൂടായി.‘സാർ പാടേണ്ട. പക്ഷേ, ഇതൊന്നു കേട്ട് അഭിപ്രായം പറയാമോ? നമ്മുടെ പാട്ടിൽ എസ്. ജാനകി പാടിയ ഭാഗമാണ്. സാറിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ നിർദേശിച്ചാൽ രാവിലെ ആകുമ്പോഴേക്കും ഞാനത് ശരിയാക്കി വയ്ക്കാം. രാവിലെ നമുക്ക് ഒരു ടേക്കിൽ ഓകെ ആക്കാം.’ വിദ്യാസാഗർ പറഞ്ഞു.
ഇറങ്ങാൻ തുടങ്ങുകയായിരുന്ന എസ്.പി.ബി ജാനകിയുടെ പാട്ട് കേൾക്കാൻ തയാറായി. ജാനകിയുടെ ആലാപനം കേട്ടു തീർന്ന ഉടനെ ‘സ്റ്റുഡിയോ ഓൺ ചെയ്യൂ. ഞാൻ ഈ പാട്ട് ഇപ്പോൾത്തന്നെ പാടാൻ പോവുകയാണ്.’
അദ്ദേഹം പാടി. ആദ്യ ടേക്കിൽത്തന്നെ ഓകെ. വിദ്യാസാഗറിന്റെ മനം നിറഞ്ഞു. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു നിന്ന വിദ്യാസാഗറിനെ അടുത്തുവിളിച്ച് എസ്.പി.ബി പറഞ്ഞു.
‘എനിക്ക് ഒന്നുകൂടി പാടണം.’ ‘വേണ്ട, ഇത് ഓകെയാണു സാർ.’ ‘അല്ല, എനിക്ക് ഒന്നുകൂടി പാടണം. സ്റ്റുഡിയോ വാടക വേണമെങ്കിൽ ഞാൻ മുടക്കിക്കൊള്ളാം’ വീണ്ടും പാടി.
തൃപ്തിയായില്ല. വീണ്ടും വീണ്ടും പാടി. ഓരോ ടേക്ക് കഴിഞ്ഞപ്പോഴും വിദ്യാസാഗർ വിചാരിച്ചു. ഇതു പരമാവധിയാണ്. പക്ഷേ, എസ്.പി.ബി നിർത്തിയില്ല. വീണ്ടും വീണ്ടും... പുതിയ പുതിയ ഭാവങ്ങൾ ചേർത്ത് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പാടിക്കൊണ്ടിരുന്നു. അർദ്ധരാത്രി ആകാറായപ്പോൾ വിദ്യാസാഗർ എസ്.പി.ബിയുടെ അടുത്തുചെന്നു. ‘എന്താ സാർ ഇത്. മതി സാർ. ഒാകെയാണു സാർ....’‘നീ വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തോളൂ, സ്റ്റുഡിയോ അടച്ചോളൂ... പക്ഷേ, എനിക്ക് ഈ പാട്ട് നിർത്താൻ കഴിയുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തു പോലും എത്താൻ പറ്റുന്നില്ല’ എസ്.പി.ബി കരച്ചിലിന്റെ വക്കിലെത്തി. വിദ്യാസാഗറും കരഞ്ഞുപോയി.ഇന്ത്യ കണ്ട ഏറ്റവും നല്ല ഡ്യൂയറ്റുകളിൽ ഒന്നായി ഇന്നും പരിഗണിക്കുന്ന ഗാനമാണിത്.