കോഴിക്കോട്: ആറ് മാസത്തിനു ശേഷം ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് തുടക്കമിടുന്നത് നിലവിലുള്ള സ്റ്റോപ്പുകൾ നിലനിറുത്തിയായിരിക്കും. ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാവില്ല.
ചെന്നൈ - തിരുവനന്തപുരം, ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് നാളെ പ്രതിദിന സർവീസ് ആരംഭിക്കുക.
സ്റ്റോപ്പിന്റെ കാര്യത്തിൽ അതത് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം.
ചെന്നൈ - മംഗലാപുരം ട്രെയിനിന് തിരൂരിലും താനൂരിലുമുണ്ട് സ്റ്റോപ്പ്. ഇവ തൊട്ടടുത്താണെന്നിരിക്കെ, താനൂർ സ്റ്റോപ്പ് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് മലപ്പുറം ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരിക്കുകയാണ്.
ദക്ഷിണ റെയിൽവേയുടെ ഏറ്റവും ലാഭകരമായ സർവീസുകളിലൊന്നായ ചെന്നൈ - തിരുവനന്തപുരം ട്രെയിൻ സർവീസ് നിലച്ചത് മാർച്ച് 23 നായിരുന്നു. രണ്ട് റൂട്ടുകളിലും ഇന്നലെ രാവിലെ റിസർവേഷൻ തുടങ്ങി. റിസർവേഷൻ ലഭിച്ച യാത്രക്കാർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ പ്രവേശനമുണ്ടാവൂ.