ഗായകർക്ക് പൊതുവെ ഇല്ലാത്ത ശീലങ്ങളെ ഒപ്പം കൂട്ടിയതിന് ന്യായീകരണമായി എസ്.പി. ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്ന വാചകം! ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക, നാലു പതിറ്റാണ്ടുകൾ തുടർച്ചയായി ആലാപനരംഗത്ത് നിറഞ്ഞു നില്ക്കുക, മറ്റൊരു ഗായകനും കഴിയാത്തത്ര റെക്കാഡുകൾ സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവ് തെളിയിക്കുക...
പ്രിയപ്പെട്ടവരുടെ ബാലു ഒരു പ്രത്യേക സൃഷ്ടി തന്നെയാണ്.
ആറടിയോളം പൊക്കവും തടിച്ച ശരീരവും കുടവയറുമൊക്കെ ചേർന്ന എസ്.പി.ബി തന്റെ രൂപത്തിലും കൗതുകം നിലനിറുത്തി. ഒരു ഗായകൻ ജീവിതത്തിൽ എന്തൊക്കെ നിഷ്ഠകൾ പാലിക്കേണ്ടതുണ്ടോ അതെല്ലാം തെറ്റിച്ചാണ് എസ്.പി.ബി ജീവിച്ചത്. അദ്ദേഹത്തിന്റെ ജീവിത നിരീക്ഷണവും അതിൽ നിന്ന് പിറവിയെടുത്തതാണ്. ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യില്ല. തണുത്ത വെള്ളം, ഐസ്ക്രീം, മധുരപലഹാരങ്ങൾ... ഇതെല്ലാം ഇഷ്ടം പോലെ കഴിച്ചു. തണുപ്പത്ത് മഫ്ളർ ചുറ്റാതെ കറങ്ങി നടന്നു. ഇതൊക്കെ ഒഴിവാക്കണമെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഉപദേശിച്ചു. പക്ഷേ, തൊഴിലിനു വേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റിനിറുത്താൻ അദ്ദേഹമൊരിക്കലും തയ്യാറായില്ല.
''തൊഴിൽ എനിക്കു ദൈവം പോലെയാണ്, ജീവിതവും എനിക്കു പ്രധാനമാണ്. ജീവിതത്തിൽ ഞാൻ സാധാരണ മനുഷ്യനാണ്, തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണതൃപ്തനാണ്. ഞാൻ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് മറ്റ് ഗായകരും ഇങ്ങനെ ചെയ്യണമെന്ന അഭിപ്രായം എനിക്കില്ല. അവർ ശബ്ദം സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അവർ എന്നെ ഒരിക്കലും മാതൃകയാക്കേണ്ട''- ഇതായിരുന്നു എസ്.പി.ബിയുടെ വിശദീകരണം.
ജനനം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ കോനെട്ടമ്മപേട്ടയിൽ. അവിടെ നിന്ന് അച്ഛന്റെ ഇഷ്ടപ്രകാരം ചെന്നൈയിൽ എൻജിനിയറിംഗ് പഠിക്കാനെത്തിയ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കാത്തിരുന്നത് ഗാനചക്രവർത്തിയുടെ സിംഹാസനമായിരുന്നു.
ഹരികഥ പാട്ടുകാരനായ സാംബമൂർത്തിയുടെ മകന് കുട്ടിക്കാലം മുതൽ പാട്ടിനോടായിരുന്നു കമ്പം. ശാസ്ത്രീയമായി അഭ്യസിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഗാനമേളകളിൽ പാടും. ഇങ്ങനെ ഒരു ഗാനമേള കേൾക്കാൻ ഇടയായ കോദണ്ഡപാണി ബാലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ''നല്ല ശബ്ദമാണ്; നീ സിനിമയിൽ പാടണം''. തെലുങ്കിലെ പ്രശസ്ത സംഗീതസംവിധായകന്റെ വാക്കുകൾ വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നു ബാലുവിന്.
സിനിമയിൽ പാടുക എന്ന ബാലുവിന്റെ മോഹത്തിന് ഇന്ധനം പകർന്ന കോദണ്ഡപാണിയെ പലതവണ കണ്ടു. അദ്ദേഹം ബാലുവിനെ ചില സംഗീത സംവിധായകർക്കും നിർമാതാക്കൾക്കും പരിചയപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 1966 ൽ കോദണ്ഡപാണി തന്നെ 'ശ്രീ ശ്രീ മര്യാദ രാമണ്ണ' എന്ന തെലുങ്ക് ചിത്രത്തിൽ ബാലുവിനെക്കൊണ്ട് ഒരു പാട്ടു പാടിച്ചു. റെക്കാർഡിംഗ് തിയേറ്ററിലെത്തിയ ബാലു പരിഭ്രമിച്ചപ്പോൾ ധൈര്യം പകർന്നു. അതോടെ കോദണ്ഡപാണി ബാലുവിന് മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയിൽ എസ്.പി. സ്വന്തമായി ഒരു റെക്കാർഡിംഗ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന് ഗുരുവിന്റെ പേരാണ് നൽകിയത്.
ചെന്നൈയിൽ പഠിക്കുന്ന കാലത്താണ് ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ട സംവിധായകൻ ശ്രീധറുമായി സംഗീത സംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ പോയത്. എം.എസ് പറഞ്ഞു: 'ഒരു പാട്ടു പാട്... കേൾക്കട്ടെ.'
സംഗീത സമ്രാട്ടായ എം.എസ്.വിശ്വനാഥനു മുന്നിൽ പരിഭ്രമത്തോടെ ബാലു ഒരു ഹിന്ദി ഗാനം ഉറക്കെ പാടി. എം.എസിന് അത്ര ഇഷ്ടമായില്ല.
''ഒരു തമിഴ് പാട്ട് പറ്റുമോ?''
''പാട്ടുപുസ്തകമൊന്നും കൊണ്ടുവന്നിട്ടില്ല....'' ബാലു പറഞ്ഞയുടൻ ഒരു പാട്ടുപുസ്തകം കൊണ്ടുവരാൻ എം.എസ്. കല്പിച്ചു. ആരോ പെട്ടെന്ന് ഒരു സിനിമാ പാട്ടുപുസ്തകം എടുത്തുനീട്ടി. 'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ പാട്ടുപുസ്തകം. 'നാളാം തിരുനാളാം.....' എന്ന പാട്ടു പാടാൻ പറഞ്ഞു. ഒരാൾ വരികൾ തെലുങ്കിൽ എഴുതിയെടുത്തു. ബാലു പാടി. ''നല്ല ഉച്ചാരണ ശുദ്ധിയോടെ നിനക്ക് തമിഴ്പാട്ട് പാടാൻ പറ്റുമോ.? ഏതായാലും നിന്റെ ശബ്ദം എനിക്കിഷ്ടപ്പെട്ടു. തമിഴ് നന്നായി പഠിച്ചിട്ട് എന്നെ വന്നു കാണ്.''- എം.എസ് പറഞ്ഞു.
ഒരു വർഷത്തിനു ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ പാടാനായി നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം ബാലു എത്തിയപ്പോൾ യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കാണാനിടയായി. ''തമ്പി... ശ്രീധറിനൊപ്പം വന്ന് എന്നെ ഒരിക്കൽ കണ്ടത് നീയല്ലേ?''
ബാലുവിന്റെ തമിഴ് മെച്ചപ്പെട്ടെന്നു മനസിലാക്കിയ എം.എസ് തന്റെ ഓഫീസിലേക്കു ക്ഷണിച്ചു. എൽ.ആർ.ഈശ്വരിക്കൊപ്പം പാടാൻ ബാലുവിന് എം.എസ് ചാൻസ് കൊടുത്തു. റെക്കാഡിംഗ് നടന്നെങ്കിലും ചിത്രം പുറത്തു വന്നില്ല.അതിനുശേഷം 'ശാന്തിനിലയം' എന്ന ചിത്രത്തിൽ 'ഇയർകൈ എന്നും ഇളയകന്നി...' എന്ന ഒരു ഗാനം എം.എസ് കൊടുത്തു. പി.സുശീലയ്ക്കൊപ്പമുള്ള യുഗ്മഗാനം. അന്ന് തമിഴ് സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ശബ്ദം ഇഷ്ടപ്പെട്ടു. 'അടിമപ്പെൺ' എന്ന ചിത്രത്തിനു വേണ്ടി കെ.വി. മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ തന്നെ! എന്നാൽ ഈ ചിത്രത്തിനു വേണ്ടി പാട്ടുകൾ റെക്കാഡ് ചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി.ബാലു സുഖപ്പെട്ടു വരാൻ ഒരു മാസത്തിലധികം വേണ്ടിവന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് 'അടിമപ്പെണ്ണി'ന്റെ റെക്കാർഡിംഗ് നടന്നില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനു വേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദേശം. ബാലുവിന് അതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.
''തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോകുന്ന കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ താത്പര്യത്തോടെ കാത്തിരിക്കുന്നുണ്ടാവും! അവരെയും നിന്നെയും നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരം വേറെ ആരെയും കൊണ്ട് പാടിക്കാതിരുന്നത്."
ബാലു കരഞ്ഞുകൊണ്ടാണ് എം.ജി.ആറിന് ഒരായിരം നന്ദി പറഞ്ഞത്. അങ്ങനെ 'അടിമപ്പെണ്ണി'നുവേണ്ടി ബാലു പാടി. ''ആയിരം നിലവേ വാ.....''
ബാലു ആദ്യം പാടിയ 'ശാന്തിനിലയം' പുറത്തു വരുന്നതിനു മുമ്പ് അടിമപ്പെൺ റിലീസ് ചെയ്തു. പടം ഹിറ്റ്. പാട്ട് ഹിറ്റ്. ബാലു തമിഴരുടെ സ്വന്തം പാട്ടുകാരനായി.