തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ് ആക്കുളത്തെ ദക്ഷിണ വ്യോമ കമാൻഡ്. ഇന്ത്യൻ വായുസേനയുടെ അഞ്ച് സോണൽ കമാൻഡുകളിലൊന്നിന്റെ തലസ്ഥാനം. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഗോള ആയുധ ശക്തികൾ കണ്ണുവച്ചിരിക്കുമ്പോൾ ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന്റെ കാവലാളുകയാണ് ദക്ഷിണ വ്യോമ കമാൻഡ്. സുനാമി ഉണ്ടായപ്പോഴും 2018ലും 19ലും പ്രളയവും വെള്ളപ്പൊക്കവുമുണ്ടായപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുന്നിൽ നിന്ന വ്യോമസേനയുടെ ഓപ്പറേഷൻസ് നിയന്ത്രിച്ചിരുന്നതും ഇവിടെ നിന്നായിരുന്നു. ഒരു എയറോ സ്പെയിസ് കമാൻഡ് കൂടിയായ സതേൺ കമാൻഡിന് ഐ.എസ്.ആർ.ഒ, ബ്രഹ്മോസ് എന്നിവയുടെ സാന്നിദ്ധ്യവും പ്രസക്തി വർദ്ധിപ്പിക്കുന്നു. 1984ലാണ് ദക്ഷിണ വ്യോമ കമാൻഡ് തിരുവനന്തപുരത്ത് വരുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കവടിയാറിലെ ബെൽഹവൺ ഗാർഡൻസിൽ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും തിരുവനന്തപുരത്തെത്തിക്കാൻ ഇടപെട്ടു. തഞ്ചാവൂരിലോ മറ്രോ സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ എല്ലാ സഹായവുമുണ്ടാകാമെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വാഗ്ദാനം ചെയ്തിരുന്നു. തന്ത്രപ്രധാനമായ സ്ഥലമെന്ന തിരുവനന്തപുരത്തിന്റെ പ്രസക്തിയും സംസ്ഥാന സർക്കാരിന്റെ ഇടപെടലും ദക്ഷിണ വ്യോമ കമാൻഡിനെ തിരുവനന്തപുരത്തെത്തിച്ചു. അക്കാലത്ത് വ്യോമസേനയിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം താമസിച്ചത് കവടിയാറിലും ജവഹർ നഗറിലും മറ്രുമായിരുന്നു. ബെൽഹവൻ കൊട്ടാരത്തിൽ ഇപ്പോൾ റിസർവ് ബാങ്ക് ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന സ്ഥലത്തെല്ലാം കമാൻഡ് ഓഫീസായിരുന്നു. പിന്നീടാണ് 1996ൽ അത് ആക്കുളത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ആക്കുളത്ത് വിശാലമായ കോമ്പൗണ്ടും അനുബന്ധ സ്ഥാപനങ്ങളും നിർമ്മിക്കാൻ സംസ്ഥാന സർക്കാരും സഹായങ്ങൾ നൽകിയിരുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന് ലഭിക്കുന്ന കരുതൽ തിരുവനന്തപുരത്തെ എയർകമാൻഡിന് കിട്ടുന്നില്ലെന്നാണ് തലസ്ഥാനവാസികളുടെ സംശയം.
ദക്ഷിണ വ്യോമ കമാൻഡിന്റെ വികസനം
-----------------------------------------------------------
തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാൻഡിന്റെ ‘സുഖോയ് ’ വിമാനങ്ങളുടെ സ്റ്റേഷനും എയർസ്ട്രിപ്പും മെയിന്റനൻസ് ഹാങ്ങറും എല്ലാം സ്ഥാപിച്ചിരിക്കുന്നത് തിരുച്ചിറപ്പള്ളിയിലാണ്. ശ്രീലങ്കയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യയിൽ എയർകമാൻഡ് സ്ഥാപിച്ചതു തന്നെ. ഇപ്പോൾ ഇന്ത്യാ സമുദ്ര പ്രദേശം കൂടുതൽ തന്ത്ര പ്രധാനമാവുകയാണ്. ശ്രീലങ്കയിലും മാലിയിലുമെല്ലാം സമീപകാല വിദേശസൈനിക സാന്നിദ്ധ്യം തിരുവനന്തപുരം ദക്ഷിണ വ്യോമ കമാൻഡിന്റെ തന്ത്രപ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. ഇവിടെ പലയിടത്തും ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്.
ന്യൂനതയായി എയർസ്ട്രിപ്പ്
----------------------------------------------
എയർ സ്ട്രിപ്പ് ഇല്ല എന്നുള്ളതാണ് വ്യോമകമാൻഡിന്റെ ഏറ്രവും വലിയ ന്യൂനത. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഒരു മൂലയ്ക്കാണ് ഇവരുടെ വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. അതിനിടെ ശംഖുംമുഖത്തെ അന്താരാഷ്ട്ര വിമാനത്താവളം കുറച്ചുകൂടി ദൂരേക്ക് മാറ്രി. ഈ വിമാനത്താവളം വ്യോമസേനയ്ക്ക് വിട്ടുകൊടുക്കണമെന്ന നിർദ്ദേശവും ചിലർ ഉന്നയിച്ചിട്ടുണ്ട്. മറ്ര് വിമാനത്താവളങ്ങളെല്ലാം നഗരത്തിൽ നിന്ന് 30ഉം 40ഉം കിലോമീറ്രർ അകലെയാണ്. തിരുവനന്തപുരത്തിനും ഇത് പരീക്ഷിച്ചുകൂടെ എന്നാണ് ഇവരുടെ ചോദ്യം. ശംഖുംമുഖത്തെ വിമാനത്താവളത്തെ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കിയാൽ യുദ്ധവിമാനങ്ങളുടെ നിർമാണവും പരിപാലനവും അനുബന്ധ വ്യവസായങ്ങളും തുടങ്ങി നിരവധി ഖന - ലഘു വ്യവസായങ്ങളുടെ ക്ലസ്റ്ററുകളും ആരംഭിക്കാം.
ആരംഭിച്ചത് - 1984ൽ