തിരുവനന്തപുരം: കരകൗശല മേഖലയ്ക്ക് പുത്തനുണർവ് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജിന്റെ ഉദ്ഘാടനം ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 16 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിലവിൽ ക്രാഫ്ട് വില്ലേജിനകത്ത് എംപോറിയം, ആർട്ട് ഗാലറി, വാക്ക്വേ, സ്റ്റുഡിയോസ്, സെക്യൂരിറ്റി ക്യാബിൻ, ക്ര്രഫീരിയ, എക്സിറ്റ് വാക്ക്വേ, റോഡുകൾ, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കിച്ചൺ, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്സ്, പോണ്ട്, മേള കോർട്ട്, ഫെൻസിംഗ്, കോമ്പൗണ്ട് വാൾ, ഡിസൈൻ സ്ട്രാറ്റർജി ലാബ്, എൻട്രി ഗേറ്റ്, ക്യാമ്പസ് ലാന്റ് സകേപ്പിംഗ് എന്നിവയുടെ പണികൾ പുരോഗമിക്കുകയാണ്. 8.5 ഏക്കറിലുള്ള ക്രാഫ്റ്റ് വില്ലേജിൽ 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്ടുകൾ പരിചയപ്പെടുത്താൻ സാധിക്കും. എല്ലാ സ്റ്റുഡിയോകളിലും ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ പൈതൃക കരകൗശല ഉത്പന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശില്പങ്ങൾ, തഴവ ഉത്പന്നങ്ങൾ എന്നിവ അതിന്റെ തനിമ ഒട്ടും നഷ്ടപെടാത്ത രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. വർഷത്തിലൊരിക്കൽ പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പെയിന്റിംഗ്, ടെറാക്കോട്ട, ഹാൻഡ്ലൂം, ശില്പങ്ങൾ, ബാംബു ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി ആർട്ട് & ക്രാഫ്ട് ബിനാലെകൾ സംഘടിപ്പിക്കും.