ദുബായ്: കിംഗ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ ദിവസത്തെ മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെ ആർ.സി.ബി നായകൻ വിരാട് കൊഹ്ലിയേയും ഭാര്യ അനുഷ്കാ ശർമ്മയേയും പറ്റി നടത്തിയ പരാമർശം വിവാദമായതിനെത്തുടർന്ന വിശദീകരണവുമായി സുനിൽ ഗാവസ്കർ രംഗത്തെത്തി. കൊഹ്ലിയേയും അനുഷ്കയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു പരാമർശവും നടത്തിയില്ലെന്നും തന്റെ വാക്കുകളിൽ ഒരു അശ്ലീലവും ഇല്ലെന്നും ഗാവസ്കർ കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കൊഹ്ലി ബാറ്റ് ചെയ്യുന്നതിനിടെ, കൊഹ്ലി കൂടുതൽ പരിശീലനം നടത്തേണ്ടതുണ്ടെന്നും ലോക് ഡൗൺ സമയത്ത് അദ്ദേഹം അനുഷ്കയുടെ ബൗളിംഗ് മാത്രമേ നേരിട്ടുള്ളൂവെന്നും അത് ഗ്രൗണ്ടിൽ ഗുണം ചെയ്യില്ലെന്നും കമന്ററിയിൽ ഗാവസ്കർ പറഞ്ഞതാണ് വിവാദമായത്. കൊഹ്ലിയുടേയും അനുഷ്കയുടേയും ആരാധകർ അദ്ദേഹത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ വിമർശനം ഉയർത്തി. അദ്ദേഹത്തെ സ്റ്റാർ സ്പോർട്സിന്റെ കമന്ററി പാനലിൽ നിന്നും മാറ്റണമെന്നും അഭിപ്രായമുയർന്നു. കളിക്കാരൻ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം ഭാര്യയുടേയും കുടുംബത്തിന്റെ തലയിൽ വച്ച് കെട്ടരുതെന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അനുഷ്കയും അഭിപ്രായപ്പെട്ടിരുന്നു. മേയിൽ കൊഹ്ലയും അനുഷ്കയും ടെന്നിസ് ബൗൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കണ്ടിരുന്നുവെന്നും ഇതാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് ഗാവസ്കർ അഭിമുഖത്തിൽ പറഞ്ഞത്.
അതുപോലെ വിദേശ പര്യടനങ്ങളിൽ കളിക്കാർ ഭാര്യയേയും ഒപ്പം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും കുടുംബത്തിന് വലിയ ബഹുമാനവും പ്രാധാന്യവും നൽകണമെന്ന അഭിപ്രായമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.