കോഴിക്കോട്: ഐ ലീഗിലും, ഇന്ത്യൻ സൂപ്പർ ലീഗിലും അനുഭവവസമ്പത്തുള്ള പ്രതിരോധ താരം റൗവിൽസൺ റോഡ്രിഗസുമായി ഗോകുലം കേരള എഫ്.സി കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ അണ്ടർ 23 ടീമിൽ കളിച്ച റൗവിൽസൺ, ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിലും, വേൾഡ് കപ്പ് ക്വാളിഫയറിലും കളിച്ചിട്ടുണ്ട്. സെസ ഗോവ ക്ലബിനു വേണ്ടി ഫുട്ബാൾ കരിയർ തുടങ്ങിയ റൗവിൽസൺ ചർച്ചിൽ ബ്രദേഴ്സലൂടെ ഐ ലീഗിൽ അരങ്ങേറി. ആദ്യത്തെ വർഷം ഡ്യൂറൻഡ് കപ്പും, 2008-09 സീസണിൽ ഐ ലീഗ് ജേതാവും ആയി. 2011-12 സീസണിൽ ഡെംപോ എഫ് സിക്കൊപ്പവും ഐ ലീഗ് കിരീടം നേടി. തുടർന്നു മോഹൻ ബഗാൻ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ എഫ്.സി ഗോവ, മുംബയ് എഫ്.സി, ഡൽഹി ഡയനാമോസ് എന്നീ ടീമുകൾക്കായും ബൂട്ടുകെട്ടി. കഴിഞ്ഞ ഒരു വർഷമായി എനിക്ക് പരിക്ക് കാരണം കളിക്കുവാൻ പറ്റിയില്ല. ഗോകുലത്തിലൂടെ എനിക്കു കളിക്കളത്തിലേക്കു തിരിച്ചു വരണം. ഐ ലീഗ് നേടുവാൻ ക്ലബിനു എല്ലാ പിന്തുണയും ഞാൻ നൽകുന്നതായിരിക്കും-റൗവിൽസൺ പറഞ്ഞു. റൗവിൽസണ് അടുത്ത ഐ ലീഗ് സീസണിന് വേണ്ടി എല്ലാ ആശംസകളും നേരുന്നു. അനുഭവ സമ്പത്തുള്ള കളിക്കാരെ സൈൻ ചെയുനതിലൂടെ ഐ ലീഗ് കിരീടം ഇപ്രാവശ്യം നേടുവാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്- ഗോകുലം കേരള എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.