SignIn
Kerala Kaumudi Online
Friday, 30 October 2020 9.36 PM IST

സംശയം

shadow


പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് അത്യാവശ്യം വീട്ടുപണിയെടുത്തു. പിന്നെ കുളിച്ചൊരുങ്ങി കണ്ണാടി പാകിയ അലമാരിക്കരികെ വന്നു തെല്ലിട സംശയിച്ചു നിന്നു. പച്ചക്കരയുള്ള സെറ്റുസാരി വാങ്ങി വച്ചിട്ടേറെ നാളായി. ഇതു വരെ ഉടുക്കാനവസരം ലഭിച്ചില്ല. ഇന്ന് അല്പം വിശേഷപ്പെട്ട ദിവസമാണ്. അതു കൊണ്ട് ഇന്ന് പച്ചക്കര സാരി തന്നെ ഉടുക്കാം. ആ സാരിക്കു പിന്നിൽ ഒരു കഥ തന്നെയുണ്ട്. ചുണ്ടിലൊളിപ്പിച്ച മന്ദഹാസവുമായി സെറ്റുസാരി വൃത്തി പോലെ ഉടുത്ത് ബെഡ് റൂമിലേക്ക് കടക്കവെ കട്ടിലിലേക്കൊന്നു കൺപായ്ച്ചു. ഭർത്താവും കുട്ടികളും നല്ല ഉറക്കം. സ്ഥലം മാറിക്കിടന്ന പുതപ്പുകൾ നേരെയാക്കുമ്പോൾ പുറത്തെ കുളിരുൾക്കൊണ്ടു വന്ന കാറ്റ് തുറന്നിട്ട ജനാലയിലൂടെ മുറിയിലേക്ക് തിരതല്ലുന്നു. അതേറ്റ് അവൾ തെല്ലിട കുളിരു കോരി നിന്നു.
വീടിനു പുറകുവശത്തെ ചെടി പടർപ്പിൽ നിന്ന് കുറച്ചു പൂക്കൾ പറിച്ചെടുത്ത് കൂടയിലാക്കി മുൾവേലി തുറന്നവൾ വെട്ടുവഴിയിലേക്കിറങ്ങി. അമ്പലത്തിലോട്ട് ഏറെ ദൂരമില്ല. അമ്പലത്തിലോട്ട് തിരിയുന്ന വഴിയിലെത്തിയപ്പോഴാണത് കണ്ടത്.തെല്ലിട പരിഭ്രമിച്ചു നിന്നുപോയി. ഇരുണ്ടു തടിച്ച ഒരു പാമ്പ് ഇഴഞ്ഞുപോകുന്നു. ആ കുളിരിലും ദേഹത്ത് വിയർപ്പു പൊടിഞ്ഞു. വഴിയിൽ ആരെയും കാണുന്നുമില്ല. വെട്ടുവഴിക്കപ്പുറത്തെ കശുമാവിൻ തോപ്പിൽ കരിയിലയടരുകളിലെ ചലനങ്ങൾ അകന്നപ്പോൾ അവൾ നടത്തം തുടർന്നു.അമ്പലത്തിൽ ചന്ദനം കൊടുക്കുന്നവന്റെ കുശലാന്വോഷണങ്ങൾക്കു ചെവി കൊടുക്കാതെ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു. അഭീഷ്ടസിദ്ധിക്കായും ശത്രുദോഷത്തിനായും വഴിപാടുകൾ കഴിച്ച് വേഗം വീട്ടിലെത്തിയപ്പോഴും ഭർത്താവും കുട്ടികളും ഉറക്കമുണർന്നിരുന്നില്ല.

ബദ്ധപ്പെട്ട് അവരെ ഉണർത്തിയശേഷം സാരി മാറി അടുക്കളയിൽ പോയി ഉള്ളിയരച്ച ചമ്മന്തിയുണ്ടാക്കി. ഇളയവൻ ഇതില്ലാതെ ദോശ കഴിക്കില്ല. ഭർത്താവിനുള്ള ഇഡലിയും ചട്നിയും മുന്നേ തന്നെ ഉണ്ടാക്കി വച്ചിരുന്നു. കുട്ടികൾക്കും ഭർത്താവിനും ഉച്ചക്കു കഴിക്കാനുള്ള ആഹാരവും യഥാവിധി തയ്യാറാക്കി ബോക്‌സുകളിലും പിന്നെ അവരുടെ ബാഗുകളിലുമാക്കി എടുത്തു വച്ചു. കുട്ടികൾക്ക് സ്‌കൂളിൽ ഇടനേരത്ത് കഴിക്കാനുള്ള സ്‌നാക്‌സും പിന്നെ വെള്ളക്കുപ്പിയും എടുത്തു വച്ചപ്പോഴാണ് കുട്ടികളുടെ യൂണിഫോം തേച്ചിട്ടില്ലെന്ന കാര്യം ഓർമ്മ വന്നത്. കുട്ടികളുടെ യൂണിഫോമും ഭർത്താവിന്റെ ഷർട്ടും പാന്റും എല്ലാം തേച്ചടുക്കി വച്ചപ്പോഴാണ് ബാത്ത് റൂമിൽ നിന്നും ബക്കറ്റ് തട്ടിമറിയുന്ന ശബ്ദം കേട്ടത്.ചെന്നു നോക്കുമ്പോൾ ഇളയവൻ നെഞ്ചിൽ സോപ്പു പതപ്പിച്ച് വെള്ളത്തിൽ കളിക്കുന്നു. അവനെ കുളിപ്പിച്ച് തലതുവർത്തി യൂണിഫോം ഇടുവിച്ച് ഒന്നു രണ്ടു ദോശ കഴിപ്പിച്ച് ഒരിടത്തിരുത്തി. മൂത്തവൻ അത്യാവശ്യം കാര്യപ്രാപ്‌തിയുള്ളവനാണ്. എന്നിട്ടതാ അവൻ സോക്‌സും ഷൂസുമിടാനാകാതെ നിന്നു പരുങ്ങുന്നു. അവനെ സഹായിക്കുമ്പോഴേക്കും ചായക്ക് വിളി വന്നു. ഫ്ളാസ്‌കിൽ തയ്യാറാക്കി വച്ച ചായ ഭർത്താവിനും പകർന്നു കൊടുത്ത ശേഷം ബൂസ്റ്റിട്ട പാൽ കുട്ടികൾക്ക് ഓരോ ഗ്ലാസ്സ് കൊടുത്തു. ഭർത്താവിന് ഷർട്ട് എടുത്തു കൊടുക്കുമ്പോഴാണ് പൊടുന്നനെ ചോദ്യം വന്നത്.

'''അമ്പലത്തിൽ പോയല്ലേ?""
ഓഹോ അപ്പോൾ ദേഷ്യത്തിലാണ്.

''പോയിരുന്നു. ഇന്നല്ലേ?""

''അപ്പോൾ എന്നെ വിളിച്ചില്ല?

എന്നിട്ടു വേണം വഴി നീളെ ആ വയസ്സന്റെ നോട്ടം കണ്ടോ? അങ്ങോട്ടു നോക്കണ്ട എന്നിങ്ങനെ മുറുമുറുത്ത് സ്വസ്ഥത കെടുത്താൻ. മനസ്സിലുള്ളത് പുറത്തു കാണിക്കാതെ ചിരിച്ചു കൊണ്ട് ഭർത്താവിനെ എന്തോ പറഞ്ഞ് സമാധാനിപ്പിച്ചു
ഒടുവിൽ എല്ലാവരേയും യാത്രയാക്കിയശേഷം സോഫയിൽ തളർന്നിരുന്ന് വിശ്രമിച്ചു.രാവിലത്തെ തിരക്കിൽ ക്ഷീണിച്ചു പോയി. ഏതായാലും ഇങ്ങിനെ ഇരുന്നാൽ പറ്റില്ല. തന്റെ ജോലി സ്ഥലത്തേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ എങ്കിലും ഇപ്പോൾ ഇറങ്ങിയാൽ സമയത്തിന് ഓഫീസിലെത്താം. ആഹാരം കഴിച്ച് മുഖം കഴുകി ഇളം പച്ച നിറമുള്ള ചുരിദാറു ധരിച്ചു. വീടിന്റെ മുൻ വാതിലടച്ച് കീ അയൽവീട്ടിൽ ഏൽപ്പിച്ച് തിരികെ വന്ന് ഗേറ്റ് അടച്ചപ്പോഴാണ് ശ്രദ്ധിച്ചത് ... മതിലിനോരത്തെ പൂച്ചെടികൾ വാടി നിൽക്കുന്നു. ഇന്ന് നനച്ചിട്ടില്ല. ഗേറ്റു തുറന്ന് എല്ലാ പൂച്ചെടിക്കും വെള്ളം കൊടുത്തപ്പോഴാണ് ആശ്വാസമായത്.
ഓഫിസിലേക്ക് വേഗത്തിൽ നടക്കുന്നതിനിടയിൽ ഫോണിൽ മെസേജ് വരുന്നതിന്റെ കിളിനാദം ഒരു പാട് തവണ കേട്ടു. ബാഗ് തുറന്ന് ഫോണെടുത്തു നോക്കാൻ സമയമില്ല. ഓഫീസെത്തട്ടെ. ഓഫീസെത്തിയപ്പോഴെക്കും വിയർത്തു കുളിച്ചിരുന്നു. ഓഫീസ് ബോയ് കൊണ്ടുവന്ന ചൂടുള്ള ചായ കുടിച്ചു കൊണ്ട് ഓഫീസ് മുറിയിലെ ശീതളിമയിൽ ഫോൺ മെസേജുകൾ പരിശോധിച്ച് അല്പനേരം ഇരുന്നപ്പോൾ വിയർപ്പാറി. നല്ല ഉൻമേഷമായി. ഫോണിൽ വന്ന ഒന്നുരണ്ടു സന്ദേശങ്ങൾ നീക്കം ചെയ്ത് ഹാജർ രജിസ്റ്റിൽ ഒപ്പുവക്കാൻ ഓഫീസ് സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു. ഒപ്പിടുമ്പോൾ അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു . അയാൾ ഒരു പാവത്താനാണ്.സ്വല്പം വഷളത്തരം ഉണ്ടെന്നെയുള്ളൂ. ഉപദ്രവകാരിയല്ല. ഇന്നെന്താണാവോ ആ മുഖത്ത് പതിവില്ലാത്തൊരു നാണം. ഒപ്പിട്ടശേഷം പറഞ്ഞു.
''സാർ ഇന്ന് ഡോക്ടറുടെ ഒരു അപ്പോയ്‌മെന്റുണ്ട്... മോന് ....""
''അതിനെന്താ ഇതൊക്കെ ഒന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നൊ അല്ലെങ്കിൽ ഒരു മെസേജ് അയച്ചാലും മതിയായിരുന്നല്ലോ?""
അയാൾ വിനീതവിധേയനായി മൊഴിഞ്ഞു. നന്ദി പറഞ്ഞ് പുറത്തിറങ്ങി. ഇളവെയിലിന് ചൂടു കൂടാൻ തുടങ്ങിയിരുന്നു. ഓഫീസിൽ നിന്നും പുറത്തിറങ്ങിയതേ ഉള്ളൂ ദേഹത്ത് വിയർപ്പിന്റെ ചെറു പാറ്റലുകൾ പൊടിയാൻ തുടങ്ങിയിരിക്കുന്നു. ആദ്യം വന്ന ഓട്ടോയിൽ കയറിയിരുന്നു. ബീച്ചിലേക്കുള്ള എളുപ്പവഴി തിരിയുന്ന വഴിയോരത്ത് ഇറങ്ങി.ദൂരെ നിന്നു തന്നെ ബീച്ചിനടുത്ത തല പോയ ഒരു തെങ്ങിനരികെ നിൽക്കുന്നയാളെ കണ്ടു. പാവം... എത്രയോ നേരമായി തന്നെ കാത്തു നിൽക്കുന്നു. അവളിൽ സങ്കടം തിരതല്ലി. ഇന്നെങ്കിലും ഒരുറച്ച തീരുമാനത്തിൽ എത്തണം. അയാളുടെ അടുത്തെത്തിയതും നിയന്ത്രണം വിട്ടു. സ്ഥലകാലബോധമില്ലാതെ, ഏങ്ങലടിച്ച് അയാളുടെ മാറിൽ വീണവൾ വിങ്ങിക്കരഞ്ഞു. നെഞ്ചിലെ മിടുപ്പിനൊപ്പം അവൾ ആശങ്കയോടെ പറഞ്ഞതയാൾ വ്യക്തമായി കേട്ടു.

അപ്പോൾ നെഞ്ചിലെ മിടുപ്പിനൊപ്പം അവൾ ആശങ്കയോടെ പറഞ്ഞതയാൾ വ്യക്തമായി കേട്ടു .
''അയാൾക്കെന്നെ വല്ലാത്ത സംശയമാ...""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , WEEKLY, STORY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.