കോട്ടയം : സംസ്ഥാനത്ത് റെയിൽവേ ആരംഭിക്കുന്ന റോ - റോ സർവീസിന്റെ പട്ടികയിൽ കോട്ടയവും. വ്യവസായങ്ങൾക്കും വാണിജ്യ സംരംഭങ്ങൾക്കും അവശ്യസാധനങ്ങളുമായി എത്തുന്ന ലോറികൾ ട്രെയിനിൽ എത്തിക്കുന്ന റെയിൽവേയുടെ പദ്ധതിയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനും ഉൾപ്പെട്ടിരിക്കുന്നത്. ആദ്യഘട്ട സർവേ തുടങ്ങി.
റബർ കയറ്റുമതിയും, ഇറക്കുമതിയും ജില്ലയിൽ കൂടുതലാണെന്ന വിലയിരുത്തലിലാണ് കോട്ടയത്തെ പ്രഥമ പരിഗണനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഏതൊക്കെ, ഇവിടെ എത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ, കയറ്റുമതി ചെയ്യുന്നത് എന്തെല്ലാമാണ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയാണ് പ്രാഥമികമായി ശേഖരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു കാര്യമായ ജോലികളില്ലാത്തതിനാൽ റെയിൽവേ ജീവനക്കാരെയാണ് സർവേയ്ക്കായി നിയോഗിച്ചിരിക്കുന്നത്. റോ-റോ സർവീസ് ഉപയോഗിക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളെ കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം.
20 മുതൽ 25 വരെ ലോറികൾ
ഒരേ സമയം 20 മുതൽ 25 വരെ ലോറികൾ ട്രെയിൻ മാർഗം കൊണ്ടുവരാനാകും. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളിലേയ്ക്ക് ഇന്ത്യൻ മിലട്ടറി വാഹനങ്ങൾ ഇത്തരത്തിൽ ട്രെയിനിൽ കൊണ്ടുപോയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മറികടക്കാനാണ് റെയിൽവേ റോ- റോ സർവീസിലേയ്ക്ക് തിരിയുന്നത്.
ഗുണങ്ങൾ ഇങ്ങനെ
ഇന്ധന ചെലവ് കുറയ്ക്കാം
റോഡുകളിൽ ഗതാതക്കുരുക്ക് ഒഴിവാക്കാം
അപകടങ്ങൾ പൂർണമായും ഒഴിവാക്കാം
ചരക്കുകൾ കേടുകൂടാതെ എത്തിക്കാം
സർവേ നടക്കുന്നു
റെയിൽവേ സ്റ്റേഷനിൽ റോ - റോ സർവീസ് എർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സർവേ നടക്കുകയാണ്. ഇത് പൂർത്തിയായ ശേഷം ദക്ഷിണ റെയിൽവേ സർവീസ് സംബന്ധിച്ച് തീരുമാനം എടുക്കും.
സ്റ്റേഷൻ മാനേജർ,കോട്ടയം