തിരുവാർപ്പ് കരക്കാർക്ക് ഉഷ:പായസ വിതരണം ഇന്ന് രാവിലെ
കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഴുവൻ കരക്കാർക്കും ഉഷ:പായസം നൽകണമെന്ന പോരാട്ടത്തിന് മുൻകൈയെടുത്ത ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറി കെ.വി.വിജിത്തിനെ കരയോഗത്തിൽ നിന്ന് പുറത്താക്കി. പരിപ്പ് ഹൈസ്കൂൾ അദ്ധ്യാപകൻ കൂടിയായ വിജിത്ത് എൻ.എസ്.എസ് മുൻ കരയോഗം സെക്രട്ടറിയായിരുന്നു. ക്ഷേത്രത്തിലെ പതിവ് ബുക്കിൽ (രജിസ്റ്റർ) "കരക്കാർക്ക് എന്നത് കരയോഗക്കാർക്ക് " എന്ന് മാറ്റിയ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസറുടെ ജാതി വിവേചനത്തിനെതിരെ ദേവസ്വം ബോർഡ് ഉന്നതർക്ക് പരാതി നൽകി പോരാടിയത് വിജിത്തും ഉപദേശകസമിതി അംഗം റെജിയുമായിരുന്നു.
പതിവ് ബുക്കിൽ കരയോഗക്കാർക്ക് മാത്രമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന സബ് ഗ്രൂപ്പ് ഓഫീസറുടെ വിശദീകരണത്തെ തുടർന്ന് ബോർഡ് ആദ്യം പരാതി തള്ളിയിരുന്നു. വിവരാവകാശ നിയമപ്രകാരം വിജിത്ത് വീണ്ടും പരാതി നൽകിയതോടെ ദേവസ്വം വിജിലൻസ് വിഭാഗം പതിവ് ബുക്ക് പരിശോധിച്ച് കരക്കാർക്കെന്ന് സ്ഥീരീകരിച്ചത്. ഇതു സംബന്ധിച്ച് ദേവസ്വം കമ്മിഷണർ കഴിഞ്ഞ ജനുവരിയിൽ ഇറക്കിയ ഉത്തരവ് തിരുവാർപ്പിലെ ഉദ്യോഗസ്ഥർ പൂഴ്ത്തി. പരാതിക്കാർ ദേവസ്വം കമ്മിഷണർ ഓഫീസിൽ നിന്ന് ഉത്തരവ് എടുപ്പിച്ച് പരസ്യമാക്കിയതോടെയാണ് ഇന്ന് മുഴുവൻ കരക്കാർക്ക് ഉഷ:പായസം നൽകാൻ അറിയിപ്പ് ഉണ്ടായത്. നിലവിലുള്ള ആചാരത്തിനെതിരെ നൽകിയ പരാതിയും സമൂഹമാദ്ധ്യമ ഇടപെടലും കരയോഗത്തിന് അപകീർത്തിയുണ്ടാക്കി എന്ന് ആരോപിച്ചാണ് വിജിത്തിനെ പുറത്താക്കിയത്. കന്നിമാസത്തിലെ തിരുവോണ ദിവസമായ ഇന്ന് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പായസം വിതരണം ചെയ്യുമെന്ന് സബ് ഗ്രൂപ്പ് ഓഫീസർ വിക്രമൻ വാര്യർ അറിയിച്ചു.
ഉഷ:പായസം ചേരുവകൾ
ഉണക്കലരി : 1.625 ലിറ്റർ
ശർക്കര : 3.200 കിലോ
കദളിപ്പഴം : 5 എണ്ണം
നാളികേരം : 5 എണ്ണം
നെയ്യ് : 0.320 ലിറ്റർ
വിറക് : 2.005കിലോ