SignIn
Kerala Kaumudi Online
Thursday, 25 February 2021 5.45 AM IST

'ബ്രൂസ് ലീ" : തുരങ്ക സാമ്രാജ്യത്തിന്റെ അധിപൻ

bruce-lee

'ബ്രൂസ് ലീ ' എന്നു കേട്ടാൽ ആയോധനകലയിലെ അഭ്യാസ മികവുകൊണ്ട് വെള്ളത്തിരയിൽ നിറഞ്ഞുനിന്ന് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഹോങ്കോംഗ് - അമേരിക്കൻ നടനെയാണ് ഓർമ്മവരിക. എന്നാൽ റൊമാനിയയിലെ ബുക്കാറസ്റ്റ് പട്ടണത്തിലുള്ളവർക്ക് 'ബ്രൂസ് ലീ' രാജാവാണ്. സ്വയം അന്തകനെന്ന് വിശേഷിപ്പിക്കുന്ന, നടൻ ബ്രൂസ് ലീയെ അന്ധമായി ആരാധിക്കുന്ന, മയക്കുമരുന്നുകൾ അമ്മാനമാടുന്ന, തുരങ്ക ജീവിതത്തിന്റെ അവസാന വാക്കായ രാജാവ്.

മിക്ക യൂറോപ്യൻ നഗരങ്ങളെയും പോലെ പ്രൗഢഗംഭീര പൗരാണിക കെട്ടിടങ്ങളും പാർക്കുകളും ചത്വരങ്ങളും വ്യാപാര സമുച്ചയങ്ങളും ഒക്കെയുള്ള, തിരക്കുള്ള നഗരമാണ് ബുക്കാറസ്റ്റ്. ഒറ്റനോട്ടത്തിൽ സാധാരണജീവിതം നയിക്കുന്ന നഗരം. എന്നാൽ നഗരകാഴ്ചയിൽ നിന്ന് മറഞ്ഞ് മറ്റൊരു ലോകമുണ്ട് ബുക്കാറസ്റ്റിൽ. നഗരത്തിനടിയിൽ ഭൂഗർഭ തുരങ്കങ്ങളിൽ ജീവിക്കുന്ന ഒരു സമൂഹം. വീടോ വീട്ടുകാരോ ഇല്ലാത്ത നൂറുകണക്കിന് മനുഷ്യർ. ചൂടുള്ള മലിനജലം ഒഴുക്കുന്ന ഓടയിൽ ലഹരിക്ക് അടിമയായി ജീവിക്കുന്ന

ഇവരിൽ ഭൂരിഭാഗവും എച്ച്.ഐ.വി പോസിറ്റിവും ക്ഷയരോഗികളുമാണ്. ബ്രൂസ് ലി എന്നറിയപ്പെടുന്ന തുരങ്കത്തിന്റെ രാജാവ് ഫ്ളോറിൻ കോറയുടെ പ്രജകളാണ് ഇവരെല്ലാം.

ശരീരമാസകലം പച്ചകുത്തി, വെള്ളിനിറം പൂശി, ചങ്ങലകൾ ആഭരണങ്ങളാക്കിയ വിചിത്ര വേഷധാരിയായ അയാൾ അവരുടെ സംരക്ഷകനും നേതാവും എല്ലാമാണ്.

അണ്ടർവേൾഡ് കിങ്


മൂന്നാം മാസത്തിൽ അമ്മ ഉപേക്ഷിച്ച ഫ്ളോറിൻ കോറ അനാഥാലയങ്ങളിലാണ് വളർന്നത്. 1960- 70 കളിൽ ചൗഷസ്‌ക്യുവിന്റെ ഭരണകാലത്ത് നടപ്പാക്കിയ ആന്റി അബോർഷൻ നിയമത്തെ തുടർന്ന് ധാരാളം അനാഥാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. 1989ൽ ചൗഷസ്‌ക്യുവിന്റെ പതനത്തെ തുടർന്ന് അവയിൽ ഭൂരിപക്ഷവും അടച്ചു. കോറയെ പോലെ നൂറുകണക്കിന് ബാല്യങ്ങൾ തെരുവിലേക്ക് എറിയപ്പെട്ടു. തെരുവ് ജീവിതത്തിലെ അരക്ഷിതാവസ്ഥ എല്ലാ കുട്ടികളെയും പോലെ കോറയെയും ഒരു ക്രിമിനൽ സംഘത്തിലെത്തിച്ചു. ബുദ്ധിയും നേതൃപാടവവും കായികബലവും അയാളെ പെട്ടെന്നുതന്നെ നേതൃസ്ഥാനത്ത് എത്തിച്ചു. സിനിമാതാരം ബ്രൂസ് ലീയുടെ ആരാധകനായ കോറ നിരന്തരം ടെലിവിഷനിൽ ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ കണ്ട് സ്വയം പരിശീലിച്ചിരുന്നു. തെരുവിലെ അടിപിടികളിൽ വിജയിക്കാൻ കോറയെ ഇത് സഹായിച്ചു. അങ്ങനെ കിട്ടിയതാണ് ബ്രൂസ് ലീ എന്ന പേര്.

തുരങ്ക ജീവിതം

വീടുകൾക്ക് ചൂട് പകരാൻ ആവി എത്തിക്കുന്ന പൈപ്പുകൾ വിന്യസിച്ച തുരങ്കങ്ങളാണ് ബ്രൂസ് ലി തന്റെ താവളമാക്കിയത്. ചൗഷസ്‌ക്യൂവിന്റെ പാളിയ പരീക്ഷണമായിരുന്നു ഈ സംവിധാനം. പുറത്തെ കൊടും തണുപ്പിൽ നിന്ന് രക്ഷനേടാൻ ലീയെയും സംഘത്തെയും തുരങ്കത്തിലെ ചൂട് വെള്ളം വഹിക്കുന്ന പൈപ്പുകൾ സഹായിച്ചു. അനാഥരാക്കപ്പെട്ടവർ ഇവിടങ്ങളിലേക്ക് കുടിയേറി. തുരങ്കത്തിനുള്ളിൽ ടെലിവിഷനും മൈക്രോവേവ് ഓവനും കൂളറും ഒക്കെ പ്രവർത്തിക്കുന്നു. ഉപയോഗിച്ച ഗർഭനിരോധന ഉറകളും ലഹരി കുത്തിവയ്‌ക്കുന്ന സിറിഞ്ചുകളും മറ്റും ഇവിടമാകെ ചിതറിക്കിടക്കുകയാണ്. പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടും ആവശ്യാനുസരണം ലഹരി നുണഞ്ഞും കഴിയുന്നവരാണ് തുരങ്ക നിവാസികൾ. ഇന്റർനെറ്റ് സൗകര്യവും ഇവിടെ തരപ്പെടുത്തിയിട്ടുണ്ട്. പകൽ ജനറേറ്ററിൽ നിന്നും രാത്രി പൊതുസംവിധാനത്തിൽ നിന്നു മോഷ്ടിച്ചുമാണ് വൈദ്യുതി ലഭ്യമാക്കിയത്.

ലഹരിയാണ് എല്ലാം


താനുൾപ്പെട്ട സംഘത്തിലെ അംഗങ്ങൾ നേരിട്ടിരുന്ന പീഡനങ്ങളാണ് അതിനെതിരെ പ്രതികരിക്കാനും നേതൃത്വം പിടിച്ചെടുക്കാനും ബ്രൂസ് ലീയെ പ്രേരിപ്പിച്ചത്. തെരുവിലെ അനാഥബാല്യങ്ങളെ ലീ ചേർത്തുപിടിച്ചു. അവരെ മറ്റ് സംഘങ്ങളിൽ നിന്നും പൊലീസിൽ നിന്നും സംരക്ഷിച്ച് തുരങ്കങ്ങളിൽ പാർപ്പിച്ചു. ഭക്ഷണവും ചികിത്സയും നൽകി. ലീയെപ്പോലെ ഓറോലാക് എന്ന മെറ്റാലിക് പെയിന്റ് ശ്വസിച്ച് ലഹരി കണ്ടെത്തുന്നവരാണ് മിക്കവരും. ലഹരി വിശപ്പും ക്ഷീണവും അറിയാതെയാക്കി. കുട്ടികളെ പലരീതിയിൽ ചൂഷണം ചെയ്യുന്ന സംഘങ്ങളിൽ നിന്ന് രക്ഷിച്ച് സംരക്ഷിച്ച ലീ അവർക്ക് 'ഫാദർ ' ആയി. ലഹരി മരുന്ന് കച്ചവടത്തിലൂടെയും അംഗങ്ങൾ ശേഖരിക്കുന്ന പാഴ്‌വസ്തുക്കളുടെ വില്‌പനയിലൂടെയും ചില്ലറ മോഷണങ്ങളിലൂടെയും ലീ മോശമല്ലാത്ത വരുമാനം ഉണ്ടാക്കിയിരുന്നു. ചെയ്യുന്ന ജോലിക്ക് അംഗങ്ങൾക്ക് മോശമല്ലാത്ത പ്രതിഫലവും നൽകിയിരുന്നു. അന്തേവാസികളുടെ ആവശ്യങ്ങൾക്കായിരുന്നു തന്റെ സമ്പത്ത് ചെലവഴിച്ചത്.

ഇടപെടലുകൾ

സാമു എന്ന സാമൂഹിക സംഘടന തുരങ്കങ്ങളിൽ ജീവിക്കുന്നവർക്ക് വസ്ത്രങ്ങളും വൈദ്യസഹായവും മറ്റുമായി സഹായങ്ങൾ ചെയ്തിരുന്നു. . സർക്കാരിന്റെ സഹായം ലഭിക്കാത്തത് ഇവരെ പുനരധിവസിപ്പിക്കാൻ തടസമായി. പലപ്പോഴും അധികൃതർ ടണൽ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബ്രൂസ് ലിയുടെയും സംഘത്തിന്റെയും ശക്തമായ എതിർപ്പ് തിരിച്ചടിയായി. പുറത്ത് ജീവിതം ദുഷ്‌കരമാകുമെന്ന ആശങ്ക അവരെ തുരങ്കങ്ങളിൽ തുടരാൻ പ്രേരിപ്പിച്ചു. ഇടയ്‌ക്ക് ലീയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹ്രസ്വമായ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ലീ തന്റെ തുരങ്ക സാമ്രാജ്യം പൂർവസ്ഥിതിയിലാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS SCAN, BRUCE LEE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.