കാലങ്ങളോളം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ സിരകളിൽ ലഹരി നിറച്ച സിൽക്ക് സ്മിതയുടെ ഒാർമ്മകളിൽ....
തിളങ്ങുന്ന കണ്ണുകൾ..വശ്യമായ ചിരി...നാണം തുളുമ്പുന്ന നോട്ടം...ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ തീ കോരിയിട്ട മാദക സുന്ദരി സിൽക്ക് സ്മിത അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിനാലു വർഷം പിന്നിടുന്നു.പൊന്നും വിലയുള്ള താരം. തെന്നിന്ത്യ കാത്തിരുന്നിട്ടുണ്ട് സ് മിതയുടെ ഡേറ്റിന്. സ്മിത കടിച്ച ആപ്പിളിന് ലക്ഷങ്ങൾ നൽകി ലേലം വിളിക്കാൻ പോലും ആളുണ്ടായിരുന്ന കാലം. ഇന്ത്യൻ സിനിമയിൽ സ്വന്തം സാമ്രാജ്യംതന്നെ സ്മിത വെട്ടിപ്പിടിച്ചു.സ്മിതയ്ക്ക് പകരക്കാരായി ഇതേവരെ ആരും എത്തിയില്ല. വിജയവാഡയിലെ വിജയലക്ഷ്മി എന്ന പെൺകുട്ടി സ്മിത എന്ന താരമായി മാറിയത് ഒരു സിനിമാകഥ പോലെയാണ്.
1960ൽ വിജയവാഡയിലെ ഏളൂർ ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയു മകളായി ജനനം.ചെറുപ്പം മുതൽ കടുത്ത ദാരിദ്ര്യം. വിജയ ലക്ഷ്മി നാലാം ക്ലാസിൽ പഠിക്കുമ്പോൾ രാമല്ലൂ ഇവരെ ഉപേക്ഷിച്ചുപോയി. അയൽവാസിയായ അന്നപൂർണ എന്ന സ്ത്രീ സ്മിതയുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു. അവർ വരുന്നത് കാത്ത് കുഞ്ഞു സ്മിത കാത്തിരിക്കും സിനിമാകഥകൾ കേൾക്കാൻ. ആ സിനിമാ കഥകളാണ് തെന്നിന്ത്യൻ താരറാണിയായ സിൽക്ക് സ്മിതയെ മാറ്റുന്നതിന് അടിത്തറയിട്ടത്. നാലാം ക്ലാസിൽ പഠിത്തം നിറുത്തി. സിനിമ കൊണ്ട് മന്ത്രികം തീർക്കാൻ വിജയ ലക്ഷ്മി പത്തൊൻപതാം വയസിൽ അന്നത്തെ മദ്രാസിലേക്ക് വണ്ടി കയറി. അവിടെ ആശ്രയമായത് അധികമാരും അറിയാത്ത അപർണ എന്ന നടിയുടെ വീട്ടിലെ ചായ്പ്പായിരുന്നു.അപർണയുടെ വേലക്കാരിയിൽ നിന്ന് പിന്നീട് ടച്ച് അപ്പ് ജോലിക്കാരിയായി മാറി.സിനിമ സെറ്റുകൾ അവളിൽ കൗതുകം ഉയർത്തി.ആയിടയ്ക്കാണ് സംവിധായകൻ ആന്റണി ഈസ്റ്റ് മാൻ ഇണയത്തേടി എന്ന സിനിമ ചെയ്യാൻ ഒരുങ്ങുന്നത്.അതിലേക്കുള്ള നായികയെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. അപ്പോഴാണ് വിജയ ലക്ഷ്മിയെ കാണുന്നത്. അന്ന് ആന്റണി സ്മിതയെക്കുറിച്ച് പറഞ്ഞിതങ്ങനെയാണ്' കാന്തം പോലെ കണ്ണുള്ള പെൺകുട്ടി'. വിജയലക്ഷ്മിയ്ക്ക് ആന്റണി ഈസ്റ്റ് മാൻ സ്മിത എന്നു പേരിട്ടു. അങ്ങനെ ഇന്ത്യൻ സിനിമ ലോകത്ത് സിൽക്ക് സ്മിത പുതു വിപ്ലവമായി മാറി. ഇണയെത്തേടി വിജയം കൈവരിച്ചില്ലെങ്കിലും സിൽക്ക് സ്മിതയുടെ കണ്ണുകളും വശ്യമായ ചിരിയും പ്രേക്ഷകരുടെ ഉള്ളിലേക്ക് തുളഞ്ഞു കയറി.
പിന്നീട് തമിഴ് സിനിമ വണ്ടിചക്രത്തിലേക്കുള്ള യാത്ര. വണ്ടിചക്രത്തിൽ ബാർ ഡാൻസാറുടെ വേഷം . ആ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. വണ്ടിചക്രം സൂപ്പർഹിറ്റായപ്പോൾ സിൽക്കിനെ തേടി നിരവധി സിനിമകൾ എത്തി .സിൽക്ക് സിൽക്ക് സിൽക്ക് എന്ന ചിത്രം സിൽക്ക് സ്മിതയ്ക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു. ആ ചിത്രവും സ്മിതയുടെ മാദക സൗന്ദര്യം കൊണ്ട് സൂപ്പർഹിറ്റായി. പിന്നീടങ്ങോട്ട് സ്മിതയുടെ മാത്രം യുഗമായിരുന്നു. സ്മിതയ്ക്ക് വെറും മേനി പ്രദർശനം മാത്രമായിരുന്നില്ല അഭിനയം . ശിവാജി ഗണേശൻ ,രജനീകാന്ത് ,കമൽഹാസൻ ,മമ്മൂട്ടി ,മോഹൻലാൽ എന്നീ മുഖ്യധാര നായകരോടൊപ്പം സ്മിത അഭിനയിച്ചു.ഉയർച്ചയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ 36-ാം വയസിൽ സ് മിത വിട പറഞ്ഞു.1996 സെപ്തംബർ 23ന് സാരിത്തിന്പിൽ ജീവനൊടുക്കി. ആ മരണത്തിൽ ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും.