ചങ്ങനാശേരി : കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് അറുപതിനായിരം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. പെരുന്ന സ്വദേശി വലിയപറമ്പിൽ റിയാസ് (40) ൽ നിന്നാണ് ഇവ പിടികൂടിയത്. മാസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ടൗണിലെ കടക്കാർക്ക് ഹോൾസെയ്ൽ നിരക്കിലും, കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് റീട്ടെയിലായും കച്ചവടം ചെയ്തതായി ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. കുട്ടികൾക്ക് 100 രൂപ നിരക്കിലും, കടക്കാർക്ക് ഹോൾസെയ്ലായി 20 രൂപ നിരക്കിലുമാണ് കച്ചവടം ചെയ്തിരുന്നത്. പ്രതിയിൽ നിന്ന് കോട്പ നിയമപ്രകാരം പിഴ ഈടാക്കി. പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം. നൗഷാദ്,ആന്റണി മാത്യു, സി.ഇ.ഒമാരായ അരുൺ.പി.നായർ, ഡി.സുമേഷ്, ഡബ്ല്യു.സി.ഇ.ഒ അമ്പിളി കെ.ജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.