സംസ്ഥാനത്ത് യൂണിറ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം
കാസർകോട്: ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിൽ കാസർകോടിന് കൂടുതൽ മികവ്. തദ്ദേശീയർക്ക് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങൾ എത്തിച്ചു കൊടുക്കുന്ന രീതിയിൽ കിഴക്കൻ മലയോര മേഖലകളെയും ഇതിന്റെ ഭാഗമാക്കാൻ സാധിച്ചു. ചെറുകിട സംരംഭകരെയും, ആക്കമഡേഷൻ യൂണിറ്റുകളെയും കലാപരമായ കഴിവുകൾ ഉള്ളവരെയും കോർത്തിണക്കി മൂന്ന് വ്യത്യസ്ത ഓൺലൈൻ ഫ്ലാറ്റ്ഫോം ഉണ്ടാക്കി.ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്പന്നങ്ങൾ ആവശ്യാനുസരണം എത്തിച്ചു നൽകുന്നുണ്ട്. ഇതിലൂടെ 1, 33, 44, 946 രൂപ കഴിഞ്ഞ വർഷം മാത്രം യൂണിറ്റുകൾക്ക് ലഭിക്കുകയുണ്ടായി.
എത്തിനിക്യുസിൻ പദ്ധതി
സ്ത്രീകളെയും വീട്ടമ്മമാരെയും ഉൾപ്പെടുത്തി എത്തിനിക്യുസിൻ പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലയിലെ 99 വീട്ടമ്മമാരാണ് ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത്. പകുതിയോളം വീട്ടമ്മമാർ ഇതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. വിവിധ സൗജന്യ പരിശീലന പരിപാടികൾ മിഷന്റെ നേതൃത്വത്തിൽ നടത്തി. 600 ഓളം പേരാണ് വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തത്. ഇതിൽ 578 പേരും സ്ത്രീകളായിരുന്നു. ജില്ലയിലെ മിഷന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കാൻ റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുത്തിരുന്നു. 60 ഓളം അപേക്ഷകരിൽ നിന്നും 35 പേരെയാണ് തിരഞ്ഞെടുത്തത്. ഇവർ ജില്ലയിലെ മിഷന്റെ പ്രവർത്തങ്ങളെ സഹായിച്ചു വരുന്നു.
വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ്
ജില്ലയിൽ ആറ് വിവിധ വില്ലേജ് എക്സ്പീരിയൻസ് പാക്കേജ് ആണ് നിലവിലുള്ളത്. കള്ളുചെത്ത് , വലവീശൽ, വട്ടത്തോണിയിൽ മീൻ പിടിത്തം, മൺപാത്ര നിർമാണം, തഴപ്പായ നെയ്ത്ത്, കല്ലുമ്മക്കായ, കാക്കവാരൽ, കരകൗശല നിർമാണം, തുടങ്ങി വിവിധ യൂണിറ്റുകളാണ് ജില്ലയിലെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിന്റെ ഭാഗമായിട്ടുള്ളത്. മാലോം, പുങ്ങംചാൽ മേഖലയെ പാക്കേജിന്റെ ഭാഗമാക്കി. മലവേട്ടുവ വിഭാഗത്തിൽ പെടുന്നവരുടെ തടുപ്പ ജ്യോതിഷമാണ് പാക്കേജിന്റെ പ്രധാന ആകർഷണം. വാഴപ്പോളകളുപയോഗിച്ചു കൊണ്ട് ഉളുക്ക്, ചതവ് എന്നിവ ഭേദമാക്കുന്ന പരമ്പരാഗത നാട്ടുവൈദ്യവും മോഷണമുതൽ കണ്ടുപിടിക്കുന്നതിനായി മരച്ചില്ലകൾ ഉപയോഗിച്ചുള്ള നാടൻ തന്ത്രങ്ങൾ, അമ്പെയ്ത്ത് , മംഗലം കളി എന്നിവയും ആകർഷണമാണ്. പ്രകൃതി ദത്തമായ ഭക്ഷണവും സഞ്ചാരികൾക്കു പുത്തൻ അനുഭവമാണ്. 682 വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ നാളുകളിൽ പാക്കേജ് കാണാൻ എത്തിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പാക്കേജ് പഠിക്കാനും എത്തുന്നുണ്ട്.
ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ കാസർകോടിനെ എക്സ്പീരിയൻഷ്യൽ ടൂറിസത്തിന്റെ ഹബ് ആക്കാനാണ് ഉദ്ദേശിക്കുന്നത്.
കെ രൂപേഷ് കുമാർ
(സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ)