കണ്ണൂർ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനും സിൻഡിക്കേറ്റ് അംഗം ഡോ. കെ.ടി. ചന്ദ്രമോഹൻ കൺവീനറുമായി സർവകലാശാല പരീക്ഷാ ഏകോപന സമിതി രൂപീകരിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഷറഫ്, ഡോ. പി.കെ. പ്രസാദൻ, ഡോ. വി.പി.പി. മുസ്തഫ, എൻ. സുകന്യ, പ്രമോദ് വെള്ളച്ചാൽ, പരീക്ഷാ കൺട്രോളർ ഡോ. വിൻസെന്റ് , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ഷാനവാസ്, ഷീല അഗസ്റ്റിൻ, എ.കെ. ബിജു, കൃഷ്ണകുമാർ കണ്ണപുരം, ബിനു ജേക്കബ്, സാലിഹ്, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ സി.പി. ഷിജു, ഷമ്മാസ് പെരിങ്ങളം, ഷംജീർ, ഇസ്മയിൽ, ഹേമന്ദ് എന്നിവർ അംഗങ്ങളാണ്.
29 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാവശ്യമായ സർവകാശാലാ,കോളേജ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവകലാശാലാ പരിധിയിൽ ബദൽ പരീക്ഷാകേന്ദ്രങ്ങൾ മുൻകൂട്ടി സജ്ജമാക്കാനും പരീക്ഷാകേന്ദ്ര മാറ്റം പൊതു-സാമൂഹിക മാധ്യമങ്ങൾ വഴി പരീക്ഷാർത്ഥികളെ അറിയിക്കുവാനും കൊവിഡ് കാല നടത്തിപ്പിന് ഗവണ്മെന്റ് തലത്തിലുള്ള സഹകരണവും ഇടപെടലും ഉറപ്പുവരുത്താനും തീരുമാനിച്ചു. അദ്ധ്യാപകരെയും വിദ്യാർഥികളെയും പൊതുസമൂഹത്തെയും ഒന്നിച്ചു ചേർത്ത് പൊതുവായ ഉത്തരവാദിത്വത്തിൽ കൊവിഡ് കാല പരീക്ഷകൾ നടത്താനുള്ള നടപടികൾ സ്വീകരിക്കും.