തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ മരിച്ചാൽ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നൂലാമാല പരിഹരിക്കാൻ നടപടിയായില്ല. ആശുപത്രികളിലെ ജീവനക്കാരുടെ സംഘടന വരെ ഇതിനെതിരെ രംഗത്ത് വന്നിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. ആശുപത്രിയിൽ എത് സാഹചര്യത്തിൽ മരിച്ചാലും മൃതദേഹം വിട്ടു കിട്ടാൻ കടമ്പകൾ ഏറെയാണ്.
കൃത്യമായ വിവരം ലഭിക്കാൻ തന്നെ പല വാതിലുകൾക്ക് മുന്നിലും ചെല്ലേണ്ട സ്ഥിതിയാണെന്നാണ് ആരോപണം. നടപടി പൂർത്തിയാകാൻ വൈകുന്നത് മൂലം പലപ്പോഴും സംസ്കാരം പോലും കൃത്യസമയത്ത് നടത്താനാകുന്നില്ലെന്നും പറയുന്നു. ട്രൂ നാറ്റ് കൊവിഡ് പരിശോധനയ്ക്ക് ശേഷം കൊവിഡ് നെഗറ്റീവായ കേസുകളിൽ പോലും നിരവധി നൂലാമാലകൾ തരണം ചെയ്താണ് മൃതദേഹം ബന്ധുക്കൾക്ക് ലഭിക്കുന്നത്. നേരത്തെ കളക്ടറുടെ ഉത്തരവ് ലഭിക്കേണ്ടിയിരുന്നു. കഴിഞ്ഞ ദിവസം അത് മാറ്റി പ്രിൻസിപ്പലിന് അനുമതി കൊടുക്കാമെന്ന ഉത്തരവ് ഇറങ്ങി. രോഗി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് വഴിയിൽ മരണപ്പെട്ടാലും ബന്ധുക്കൾക്ക് ബുദ്ധിമുട്ടാണ്. മരണപ്പെട്ട രോഗിയെ സംബന്ധിക്കുന്ന ഫയൽ ഡ്യൂട്ടി ഡോക്ടർ, യൂണിറ്റ് ചീഫ്, പ്രിൻസിപ്പൽ, ജില്ലാകളക്ടർ, ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ, സെക്യൂരിറ്റി ഓഫീസർ തുടങ്ങി വിവിധ ഓഫീസർമാരിൽ കൂടി നീങ്ങിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത്. ഇതിൽ നിന്ന് നിലവിൽ കളക്ടറെ ഒഴിവാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിലെ പ്രവേശനത്തിന് പോലും ഏറെ നിയന്ത്രണമാണ്. പല ഭാഗങ്ങളിലേക്കും കടക്കാൻ സാധിക്കാത്ത നിലയുള്ളപ്പോഴാണ് രേഖകൾ ലഭിക്കാൻ നെട്ടോട്ടം ഓടേണ്ട സ്ഥിതിയുള്ളത്.
ഹെൽപ് ഡെസ്ക് വേണം
പ്രശ്ന പരിഹാരത്തിന് ആശുപത്രിക്ക് മുന്നിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചാൽ ഏറെ ആശ്വാസം ആകുമെന്നും നാട്ടുകാർ പറയുന്നു. ഒരു സ്റ്റാഫിനെ ഇതിനായി നിയമിച്ചാൽ ആളുകൾ പല സ്ഥലങ്ങളിൽ പോയി അലയേണ്ട ഗതികേട് ഒഴിവാക്കാം. ആശുപത്രിയിൽ രോഗി മരിച്ചാൽ മൃതദേഹം വിട്ടു കിട്ടാൻ എവിടെയെല്ലാം പോകണം എന്നറിയാതെ നട്ടം തിരിയുകയാണ് പലരും. അതുകൊണ്ട് തന്നെ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകാൻ കാലതാമസം എടുക്കുകയാണെന്ന പരാതി ഏറെയാണ്.
രേഖകൾ നൽകുന്നില്ല
മരിച്ച രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും അതിന്റെ രേഖകൾ നൽകുന്നില്ലായെന്ന ആക്ഷേപം നില നിൽക്കുന്നു. സ്വകാര്യ ലാബുകാർ കൊവിഡ് പരിശോധനാ ഫലം നേരിട്ട് നൽകുമ്പോഴാണ് മെഡിക്കൽ കോളേജിൽ ഈ സംവിധാനം ഇല്ലാത്തത്. മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കളക്ടർ ഇടപെടണമെന്ന് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് ആവശ്യപ്പെട്ടു.