ന്യൂഡൽഹി: അയൽപ്പക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എല്ലായ്പ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുമായുള്ള വിർച്വൽ ഉഭയകക്ഷി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യ–ശ്രീലങ്ക ബന്ധമെന്നും യു.പിയിലെ കുഷിനഗറിലേക്കുള്ള ഉദ്ഘാടന വിമാനത്തിൽ ശ്രീലങ്കയിൽനിന്നുള്ള ബുദ്ധ തീർത്ഥാടകരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയോട് ചേർന്ന് എം.ടി ന്യൂ ഡയമണ്ട് എന്ന എണ്ണ ടാങ്കറിലെ തീ അണയ്ക്കാൻ ഒരുമിച്ചു പ്രവർത്തിച്ചത് ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം വർദ്ധിപ്പിച്ചെന്ന് രജപക്സെ പറഞ്ഞു.
ഇന്ത്യൻ സഹായത്തോടെ നിർമിക്കുന്ന ജാഫ്ന കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്യാൻ രജപക്സെ മോദിയെ ക്ഷണിച്ചു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾക്ക് ശ്രീലങ്ക ഏർപ്പെടുത്തിയ താത്കാലിക വിലക്ക് എത്രയും പെട്ടെന്ന് നീക്കുമെന്ന് കരുതുന്നതായും യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.