മുംബയ്: മയക്കുമരുന്ന് ആവശ്യപ്പെട്ട് വാട്സാപ്പ് ചാറ്റ് നടത്തിയെന്ന് അന്വേഷണ സംഘത്തോട് ബോളിവുഡ് നടി ദീപികാ പദുകോൺ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ദീപിക അവകാശപ്പെട്ടു.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദീപികയെ ഏകദേശം ആറ് മണിക്കൂറോളം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോട് ഡ്രഗ് ചാറ്റ് നടത്തിയതായി ദീപിക സമ്മതിച്ചതായാണ് വിവരം. ദീപികയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ചോദ്യംചെയ്ത നടി രാകുൽ പ്രീത് സിംഗും സമാന രീതിയിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് പ്രതികരിച്ചത്. അഞ്ചംഗ സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്. കരിഷ്മയുടെ മൊഴികളുമായി ചേർത്ത് ദീപികയുടെ ഉത്തരങ്ങൾ പരിശോധിച്ചെന്നും ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെന്നുമാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് പൂർണമായും കാമറയിൽ ചിത്രീകരിച്ചു.
ഇന്നലെ രാവിലെ 9.50 ഓടെയാണ് ദീപിക എൻ.സി.ബി ആസ്ഥാനത്ത് എത്തിയത്. പിന്നാലെ, മാനേജർ കരിഷ്മയും എത്തി. കരിഷ്മയെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തിരുന്നു.
ദീപിക എത്തുന്നതറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ എൻ.സി.ബി ഓഫീസിന് മുന്നിൽ തടിച്ച് കൂടിയിരുന്നു.
സുശാന്തിന്റെ സുഹൃത്തുക്കൾ കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ശ്രദ്ധയും സാറയും സുശാന്തിന്റെ നായികമാരായും അഭിനയിച്ചിട്ടുള്ളവരാണ്. ഇരുവരെയും ഇന്നലെ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇരുവരും.
നോ ലഹരി : കരൺ ജോഹർ
താൻ ലഹരിമരുന്ന് ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെന്ന് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. സമൂഹമാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. 2019ൽ ബോളിവുഡ് താരങ്ങൾക്കായി കരൺ നടത്തിയ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നതായി ആരോപണമുയർന്നിരുന്നു. രൺബീർ കപൂർ, വിക്കി കൗശൽ, ദീപിക പദുകോൺ എന്നിവരടക്കം പല പ്രമുഖ താരങ്ങളും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി ചോദ്യം ചെയ്ത ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും വ്യക്തിപരമായി തനിക്ക് അറിയില്ലെന്നും കരൺ പറഞ്ഞു.