ചുഹൂവ് സൈനിക വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന അന്റനോവ് -26 വിമാനമാണ് തകർന്നത്. പരിശീലനപ്പറക്കലിനിടെ ലാൻഡ് ചെയ്യാനൊരുങ്ങുമ്പോഴാണ് വിമാനം കിഴക്കൻ ഉക്രെയ്നിലെ ഹൈവേയ്ക്ക് സമീപം തകർന്ന് വീണ് കത്തിയമർന്നത്.

ഖാർകിവിലെ വ്യോമസേനാ സർവകലാശാലയിലെ സൈനിക വിദ്യാർത്ഥികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 20 കേഡറ്റുകളും ഏഴ് ജീവനക്കാരും ഉൾപ്പെടെ 27 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

എൻജിൻ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ ഇരട്ട എൻജിനുകളിലൊരണ്ണം തകരാറിലായിരുന്നുവെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്ത് മിനിട്ടുകൾക്കകമാണ് അപകടം സംഭവിച്ചത്. വിമാനത്തിനുള്ളിലുണ്ടായിരുന്നവരിൽ ചിലർ താഴേക്ക് ചാടിയതായും വിവരമുണ്ട്.

പറന്നുയർന്ന വിമാനം രണ്ടു കിലോമീറ്റർ മാത്രം പിന്നിട്ട ശേഷമാണ് തകർന്ന് വീണത്. തകർന്ന ഉടനെ തീ പിടിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് തീ അണയ്ക്കാനായത്. റഷ്യൻ വിഘടനവാദികളുമായി കിഴക്കൻ ഉക്രയ്നിൽ നിലനിൽക്കുന്ന സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

സംഭവത്തിൽ ഉക്രെയ്നിലെ അമേരിക്കൻ എംബസി അനുശോചനം രേഖപ്പെടുത്തി.

പ്രത്യേക സംഘം അന്വേഷിക്കും

വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഉക്രൈയിൻ ആഭ്യന്തരമന്ത്രി ആന്റൺ ജെറാഷ്‌ചെങ്കോ പറഞ്ഞു. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അപകടസ്ഥലം സന്ദർശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്‌ചെങ്കോ അറിയിച്ചു.

ദുരന്തത്തിന്റെ എല്ലാ സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാൻ ഞങ്ങൾ അടിയന്തിരമായി ഒരു കമ്മിഷൻ രൂപീകരിക്കും.

- പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി