ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന രാംമാധവ്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച മുരളീധർ റാവു, അനിൽ ജയിൻ,സരോജ് പാണ്ഡെ എന്നീ മുതിർന്ന നേതാക്കളെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി തുടരും.
എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ടി.ആറിന്റെ മകൾ ഡി.പുരന്ദേശ്വരി, കർണാടകയിൽ നിന്നുള്ള എം.എൽ.എ സി.ടി. രവി ഉൾപ്പെടെ അഞ്ചു പുതുമുഖങ്ങളുണ്ട്. മുതിർന്ന നേതാക്കളായ ഭുപേന്ദർ യാദവ്, അരുൺ സിംഗ്, കൈലാഷ് വിജയവർഗീയ എന്നിവർ തുടരും.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ഒഴിവാക്കി ഉത്തർപ്രദേശിൽ നിന്നുള്ള രാജേഷ് അഗർവാളിനെ ദേശീയ ട്രഷററായി നിയമിച്ചു. മൂന്ന് ജോയിന്റ് സെക്രട്ടറിമാരുണ്ട്. മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ഉൾപ്പെടെ 13 ദേശീയ സെക്രട്ടറിമാർ. ഐ.ടി സെല്ലിന്റെ ചുമതലയിൽ അമിത് മാളവ്യ തുടരും.
ആകെ വക്താക്കളുടെ എണ്ണം 23 ആയി. അനിൽ ബലൂനിയാണ് മുഖ്യവക്താവ്. മുൻകേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ നിന്നുള്ള നേതാക്കളായമുൻ കേന്ദ്രമന്ത്രിമാരായ ഷാനവാസ് ഹുസൈൻ, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും ദേശീയ വക്താക്കളുടെ പട്ടികയിലുണ്ട്. രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹ റാവുവിനെ ഒഴിവാക്കി.
പോഷക സംഘടനാ ദേശീയ അദ്ധ്യക്ഷൻമാർ
ഒ.ബി.സി മോർച്ച: ഡോ. കെ.ലക്ഷമൺ, കിസാൻ മോർച്ച: രാജ്കുമാർ ചാഹർ, എസ്.സി മോർച്ച: ലാൽസിംഗ് ആര്യ, എസ്.ടി മോർച്ച: സമീർ ഓറൻ, ന്യൂനപക്ഷ മോർച്ച: ജമാൽ സിദ്ദിഖി.