ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വെള്ളാപ്പള്ളി പക്ഷം സമ്പൂർണ വിജയത്തിലേക്ക്. 3 (ഡി) വിഭാഗത്തിൽ ഇന്നലെ ചേർത്തല എസ്.എൻ കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ ഇരുപത് ശതമാനം പോലും നേടാൻ കഴിയാത്ത എതിരാളികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. ഒൗദ്യോഗിക പാനലിൽ 224 പേരും എതിർ പക്ഷത്ത് 92 പേരുമാണ് മത്സരിച്ചത്.
ആകെയുള്ള 2240 വോട്ടർമാരിൽ 1350 പേർ വോട്ട് ചെയ്തു. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് പൂർത്തിയായി.100 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന ക്രമത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്രമീകരണം ഒരുക്കിയിരുന്നത്. വെള്ളാപ്പള്ളി പാനലിലുള്ള സ്ഥാനാർത്ഥികൾ താക്കോൽ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എതിർ പക്ഷത്തുള്ളവർ വ്യത്യസ്ത ചിഹ്നങ്ങളിലാണ് മത്സരിച്ചത്. വൈകിട്ട് ആറോടെ ആരംഭിച്ച വോട്ടെണ്ണൽ രാത്രി വൈകിയാണ് പൂർത്തിയായത്. മുൻ ലാ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ അഡ്വ.ബി.ജി.ഹരീന്ദ്രനാഥായിരുന്നു ചീഫ് റിട്ടേണിംഗ് ഓഫീസർ.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വെളളാപ്പളളി പാനൽ വൻ വിജയം നേടിയിരുന്നു.ആകെ പത്ത് മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല. മത്സരം നടന്ന കൊല്ലത്തും ചേർത്തലയിലും എല്ലാ സീറ്റും വെളളാപ്പളളി പക്ഷം നേടി.ഇരു സ്ഥലങ്ങളിലും എതിർ കക്ഷികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. അടുത്തമാസം 7നാണ് 3 (ഐ) വിഭാഗത്തിൽ തിരഞ്ഞെടുപ്പ്. എട്ടിന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.