തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുകളിലെ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നതെന്തിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തെ സി.പി.എം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിലൂടെ സി.പി.എമ്മിന്റെ ജീർണതയാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ കോടിയേരി മറുപടി പറയണം.
അഴിമതി ബോദ്ധ്യപ്പെട്ടിട്ടും നടപടിയില്ല: ഉമ്മൻ ചാണ്ടി
ലൈഫ് മിഷനിൽ അഴിമതി ബോദ്ധ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കാൻ തയാറായില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കുറ്റത്തിന്റെ ഗൗരവമനുസരിച്ചുള്ള നടപടികളെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സി.ബി.ഐ അന്വേഷണത്തോടെ കേസിലെ യാഥാർത്ഥ്യങ്ങൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗുരുതരമായ ആരോപണമുയർന്നിട്ടും സർക്കാർ നടപടിയെടുക്കാൻ വൈകിയത് സ്വാഭാവികമായും സംശയമുണർത്തുന്നതാണ്. ലൈഫ് പദ്ധതിയിൽ നാല് കോടിയിലേറെ കമ്മിഷനായി നൽകിയെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവും മന്ത്രിമാരും പറഞ്ഞിട്ടുണ്ട്. അപ്പോൾ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാകും.