കോഴിക്കോട്: കൊവിഡ് പൂട്ടിച്ച കേരളത്തിലെ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിനൊരുങ്ങുന്നു. അതിജീവനത്തിന്റെ നൂതന പദ്ധതികളാണ് ഈ വർഷത്തെ ലോക ടൂറിസം ദിനത്തിൽ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗവും തൊഴിൽ മേഖലയുമായ ടൂറിസം രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ആറുമാസമായി ടൂറിസം കേന്ദ്രങ്ങൾ നിശ്ചലമാണ്. അടുത്ത മാസത്തോടെ ടൂറിസം പുനരാരംഭിക്കാമെന്ന അറിയിപ്പ് വന്നതോടെ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണ്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കുകയാണ് ലക്ഷ്യം. ലോക്ക് ഡൗണിൽ വീടുകളിൽ കുടുങ്ങിയതിന്റെ സമ്മർദ്ദത്തിന് അയവ് വരുത്താൻ ധാരാളം ആഭ്യന്തര സഞ്ചാരികൾ എത്തുമെന്ന കണക്കുകൂട്ടലാണ് ഡി.ടി.പി.സികൾക്ക് ഉള്ളത്. മാസങ്ങളായി അടഞ്ഞ കിടന്നതിനാൽ ടൂറിസം കേന്ദ്രങ്ങൾ മിക്കതും മലിനമായിരിക്കുകയാണ്. കൊവിഡിന് ശേഷം സഞ്ചാരികൾ ശുചിത്വത്തിന് പ്രധാന്യം നൽകും. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ടൂറിസം മേഖലയിലെ സംഘടനകൾ നൽകുന്നത്. മുൻവർഷങ്ങളിൽ ടൂറിസം ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ഡി.ടി.പി.സി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം മലബാർ ക്രിസ്ത്യൻ കോളേജുമായി ചേർന്ന് രൂപികരിച്ച ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വൃത്തിയാക്കുകയും ടൂറിസത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്ന പ്രവർത്തനങ്ങളും നടന്നിരുന്നു.
" എല്ലാ ജില്ലകളിലെയും ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കൊവിഡ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇളവുകൾ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ നടപ്പാക്കാൻ കഴിയൂ. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കും'.
ബീന, സെക്രട്ടറി, ഡി. ടി. പി. സി, കോഴിക്കോട്.