തിരുവനന്തപുരം: ലൈഫ് മിഷനിൽ 4.25 കോടിയുടെ കോഴയിടപാടും ചട്ട ലംഘനവും അന്വേഷിക്കുന്ന സി.ബി.ഐ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും മൊഴിയെടുക്കും. ഐ.എ.എസ് ഉദ്യോഗസ്ഥരും ബാങ്ക്, കോൺസലേറ്റ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലാണ്.
വടക്കാഞ്ചേരി ഫ്ലാറ്റിന്റെ നിർമ്മാണക്കരാർ നേടിയ യൂണിടാക്, സെയ്ൻ വെഞ്ചേഴ്സ് കമ്പനിയുടമകളുടെ വസതികളിലെയും വീടുകളിലെയും റെയ്ഡുകളിൽ പിടിച്ചെടുത്ത ബാങ്ക് രേഖകളടക്കം പരിശോധിക്കുകയാണ്. തുടർന്നാവും ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസടക്കമുള്ളവരുടെ മൊഴിയെടുക്കുക. യൂണിടാക്, സെയ്ൻ വെഞ്ചേഴ്സ് കമ്പനികൾ ഒന്നും രണ്ടും പ്രതികളായ കേസിൽ ലൈഫ് മിഷനാണ് മൂന്നാംപ്രതി. സെക്രട്ടേറിയറ്റിലെയും ലൈഫ് മിഷനിലെയും അന്വേഷണം ത്വരിതപ്പെടുത്താൻ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെക്കൂടി അന്വേഷണ സംഘത്തിലുൾപ്പെടുത്തി.
കേരളകൗമുദി റിപ്പോർട്ട് ചെയ്തതുപോലെ, കമ്മിഷൻ തട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ നിഗമനം. അതിനാലാണ് ഐ.പി.സി -120(ബി) ചുമത്തിയത്. സർക്കാർ നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. വിദേശസഹായ നിയന്ത്രണ (എഫ്.സി.ആർ.എ) ചട്ടപ്രകാരം വ്യക്തിപരമായ ആവശ്യത്തിനല്ലാതുള്ളതെന്തും വിദേശസഹായമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണമെത്തേണ്ടിയിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രാനുമതി ആവശ്യമാണ്.
ധാരണാപത്രമനുസരിച്ച് നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ് ക്രസന്റും ചേർന്നാണെങ്കിലും വ്യവസ്ഥകളെല്ലാം അട്ടിമറിച്ച് കോൺസൽ ജനറൽ യുണിടാക്കുമായി കരാറുണ്ടാക്കി. ഇന്ത്യയിൽ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിർമ്മിക്കാനോ ടെൻഡർ വിളിക്കാനോ അധികാരമില്ലാത്ത കോൺസൽ ജനറലിനെ മറയാക്കി കമ്മിഷൻ തട്ടിയെന്നാണ് സി.ബി.ഐ നിഗമനം.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, കരാറൊപ്പിടുമ്പോൾ തദ്ദേശ സെക്രട്ടറിയായിരുന്ന ടി.കെ.ജോസ്, ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്, നോർക്ക സെക്രട്ടറി ഇളങ്കോവൻ എന്നിവരും ചോദ്യംചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ചോദ്യംചെയ്തശേഷമാവും ശിവശങ്കറിന്റെ മൊഴിയെടുക്കുക.
സർക്കാരിന് ഒഴിയാനാവില്ല
റെഡ്ക്രസന്റുമായുള്ള ധാരണാപത്രം സർക്കാർ പദ്ധതിയുടെ ഭാഗം. ധാരണാപത്രമൊപ്പിട്ട ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസും ധാരണാപത്രം അംഗീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരും സർക്കാരിന്റെ ഭാഗം. ധാരണാപത്രമൊപ്പിട്ടത് ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ.
അന്വേഷണം ഇങ്ങനെ
വടക്കാഞ്ചേരി ഫ്ലാറ്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും തേടും. ഇടപാടിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടോ, പദ്ധതിക്ക് ആരാണ് അനുമതി നൽകിയത്, യോഗങ്ങളുടെ മിനുട്ട്സ്, നിർമ്മാണക്കരാർ രേഖ എന്നിവ ചീഫ്സെക്രട്ടറി ഹാജരാക്കണം.
പ്രതിപ്പട്ടികയിൽ മൂന്നാമതായാണ് ലൈഫ് മിഷന്റെ ഉന്നതരെ (അൺനോൺ ഒഫീഷ്യൽസ്) ഉൾപ്പെടുത്തിയത്. മിഷനിലെ ഉദ്യോഗസ്ഥരുടെയെല്ലാം മൊഴിയെടുത്തശേഷം തദ്ദേശ,നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
റെഡ്ക്രസന്റ് നൽകിയ 3.2കോടി രൂപയുടെ ആദ്യഗഡു മൊത്തത്തിൽ കമ്മിഷനായി അടിച്ചുമാറ്റിയതായി യൂണിടാക് എം.ഡിയുടെ മൊഴിയുണ്ട്. രണ്ടാംഗഡുവിൽ 75 ലക്ഷം സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴി കൈമാറിയതും അന്വേഷിക്കും.