ന്യൂഡൽഹി: കോൺഗ്രസ് വിട്ടെത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും ദേശീയ തലത്തിൽ ഉയർന്ന പദവി നൽകി ബി.ജെ.പി. കേരളത്തിലെ പാർട്ടി നേതാക്കളുടെ കണക്കു തെറ്റിച്ച് അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയിരിക്കയാണ്. ടോം വടക്കൻ ദേശീയ വക്താവായി. ജനുവരിയിൽ ജെ.പി. നദ്ദ പാർട്ടി അദ്ധ്യക്ഷ പദവിയിലെത്തിയ ശേഷമുള്ള ആദ്യ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് ഇവർ രണ്ടു പേരേയുള്ളൂ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളിയായ അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയായി. കർണാടകത്തിൽ നിന്നുള്ള എം.പിയായ രാജീവ് ചന്ദ്രശേഖറെയും ദേശീയ വക്താവാക്കി.
12 ദേശീയ വൈസ് പ്രസിഡന്റുമാരിൽ മുസ്ളിം വിഭാഗത്തിൽ നിന്നുള്ള ഏക അംഗമാണ് അബ്ദുള്ളക്കുട്ടി. നിലവിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനാണ്. സി.പി.എം വിട്ട് കോൺഗ്രസിൽ ചേക്കേറി അവിടന്ന് ബി.ജെ.പിയിലെത്തിയാണ് വളരെ പെട്ടെന്ന് ദേശീയ നേതൃത്വത്തിലേക്കുയർന്നത്.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ ദേശീയ തലത്തിൽ സ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്നിടത്താണ് അബ്ദുള്ളക്കുട്ടിയുടെ അപ്രതീക്ഷിത വരവ്. കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ഛത്തീസ് ഗഡ് മുൻ മുഖ്യമന്ത്രി രമൺസിംഗ്, മുൻ കേന്ദ്രമന്ത്രി രാധാമോഹൻസിംഗ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുബർദാസ്, മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അബ്ദുള്ളക്കുട്ടിയും ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിക്കുക. പുതിയ ഭാരവാഹികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു.
തേജസ്വി സൂര്യ യുവമോർച്ച അദ്ധ്യക്ഷൻ
കർണാടകയിൽ നിന്നുള്ള യുവ എം.പി തേജസ്വി സൂര്യയെ യുവമോർച്ച ദേശീയ അദ്ധ്യക്ഷനായി നിയമിച്ചു. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളും എം.പിയുമായ പൂനം മഹാജനെയാണ് മാറ്റിയത്.