തിരുവനന്തപുരം: യു.എ.ഇയിലെ എമിറേറ്റ്സ് റെഡ്ക്രസന്റുമായി 20 കോടിയുടെ ഭവന നിർമ്മാണത്തിനായി ധാരണാപത്രമുണ്ടാക്കിയതിലും നിയമപരമല്ലാത്ത ഉപകരാറിലൂടെ സ്വകാര്യ ഏജൻസിക്ക് കരാർ നൽകി നാലേകാൽ കോടി കമ്മിഷൻ തട്ടിയതിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് സി.ബി.ഐ. വിദേശസഹായം സ്വീകരിക്കാനും കരാറുകൾക്കുമുള്ള അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഇടപാടുകളെല്ലാം അനധികൃതമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ. കേസിൽ അഞ്ചുവർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് സി.ബി.ഐ ചുമത്തിയത്.
വിദേശസഹായ നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പനുസരിച്ച് അനുമതിയില്ലാതെ വിദേശത്തു നിന്ന് ഒരു കോടി രൂപയ്ക്കു മുകളിൽ സ്വീകരിച്ചാൽ 5 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമലംഘനത്തിലെ കാരണക്കാരെയും സഹായിച്ചവരെയും കണ്ടെത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്.
ലൈഫിൽ നാലേകാൽ കോടിയുടെ കോഴയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. ഇക്കാര്യം അറിയാമായിരുന്നെന്ന് ധനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.
2019 ജൂലായ്11നാണ് വടക്കാഞ്ചേരിയിൽ 2.17ഏക്കറിൽ 140 ഫ്ലാറ്റ് നിർമ്മിക്കുന്നതിന് ലൈഫ് മിഷൻ റെഡ്ക്രസന്റുമായി ധാരണയിലെത്തിയത്. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും റെഡ്ക്രസന്റും ചേർന്നാണ്. എന്നാൽ ചട്ടം അട്ടിമറിച്ച് നിർമ്മാണക്കരാർ യുണിടാക്കിന് നൽകുകയായിരുന്നു. കോൺസലേറ്റ് ജനറലും യുണിടാക്കുമാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യയിൽ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിർമ്മിക്കാനോ ടെൻഡർ വിളിക്കാനോ അധികാരമില്ലാത്ത യു.എ.ഇ കോൺസൽ ജനറലിന്റെ പേരിൽ സ്വകാര്യകമ്പനികളുമായി കരാറുണ്ടാക്കിയത് ഗുരുതരചട്ടലംഘനമാണ്. എന്നാൽ റെഡ്ക്രസന്റുമായുള്ള ഇടപാടിൽ കക്ഷിയല്ലെന്നും കോഴയാരോപണത്തിന് മറുപടി നൽകേണ്ടത് കോൺസുലേറ്റാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ രേഖകൾ പ്രകാരം വടക്കാഞ്ചേരിയിലേത് സർക്കാരുമായി ചേർന്നുള്ള പദ്ധതിയാണ്. ഭൂമിയും കെട്ടിടപെർമിറ്റും സർക്കാരിന്റേതാണ്. ഡിസൈനും നിർമ്മാണകരാറും അംഗീകരിച്ചത് ലൈഫ് മിഷനാണ്.
സി.ബി.ഐ പരിശോധിക്കുന്നത്
വിദേശത്തു നിന്ന് പണം അയച്ചത് ആരാണ്
കോൺസുലേറ്റിന്റെ അക്കൗണ്ടിലെത്തിയ പണം ആരാണ് പിൻവലിച്ചത്
പണം എന്തിനു വേണ്ടി ഉപയോഗിച്ചു
നിയമലംഘനത്തിന് സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നോ