തിരുവനന്തപുരം: എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് സ്വർണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും നാലേകാൽ കോടി തട്ടിയതിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഉന്നതർക്ക് കുരുക്കാവും.
എം.ശിവശങ്കറിനു പുറമെ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്സെക്രട്ടറി ടോംജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്. ടി.കെ.ജോസ് ഇപ്പോൾ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ധാരണാപത്രമോ ഫയലുകളോ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലൈഫ് മിഷന് കൂടുതൽ അധികാരമുള്ളതിനാൽ ഫയൽ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാൽ മന്ത്രി മൊയ്തീനും ഫയൽ കണ്ടില്ല.
ശിവശങ്കർ ലൈഫ് സി.ഇ.ഒ ആയിരിക്കെ അതീവരഹസ്യമായി നടത്തിയ ഇടപാടാണിതെന്നാണ് സി.ബി.ഐ നിഗമനം. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. തലേന്ന് വൈകിട്ടാണ് ടി.കെ.ജോസ് വിവരമറിഞ്ഞത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. യു.വി.ജോസിനെയും വിവരമറിയിച്ചത് ശിവശങ്കറാണ്. റെഡ്ക്രസന്റ് സന്നദ്ധമാണെന്നും പിറ്റേന്ന് ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു ടി.കെ.ജോസിനെ അറിയിച്ചത്. ഇതുപ്രകാരമാണ് ജൂലായ് 11ന് രാവിലെ യു.വി. ജോസിന് ടി.കെ.ജോസ് കുറിപ്പ് കൈമാറിയത്. അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്നായിരുന്നു നിർദ്ദേശം. റെഡ്ക്രസന്റാണ് ധാരണാപത്രം കൈമാറിയതെന്ന സുപ്രധാന വിവരമുള്ളത് ഈ കുറിപ്പിലാണ്. അഡി.ചീഫ്സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നാണ് യു.വി.ജോസിന്റെ വാദം.
വിദേശനാണ്യ വിനിമയത്തിലടക്കം വ്യക്തത വരുത്തേണ്ടത് നിയമവകുപ്പാണ്. ലൈഫ് മിഷന് വേണ്ടി നിരവധി ഓഫറുകൾ കൊണ്ടുവന്ന ശിവശങ്കർ പുനരുപയോഗിക്കാവുന്ന അസംസ്കൃതവസ്തുക്കളുടെ (പ്രീഫാബ്) സാങ്കേതികവിദ്യയിൽ എല്ലാജില്ലയിലും ഓരോ മാതൃകാ സമുച്ചയം പണിയാൻ അനുമതിനേടിയിരുന്നു. ഇതിന്റെ മറവിൽ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിയുടെ അനുമതി നേടിയെടുത്തതായാണ് വിവരം.
വീഴ്ചകൾ
1)ഇരുപതുകോടി വിദേശസഹായമുള്ള പദ്ധതിക്ക് മുഖ്യമന്ത്രി ഫയൽ കാണാതെയും മന്ത്രിസഭ അറിയാതെയും അനുമതി ലഭിച്ചത്
2)സർക്കാരിനു വേണ്ടി കരാറൊപ്പിടേണ്ടത് ഗവർണറുടെ പേരിലാണ്. റെഡ്ക്രസന്റുമായുള്ള കരാറൊപ്പിട്ടത് യു.വി.ജോസ്
3)ഡിസൈൻ, ഡ്രായിംഗ്, എസ്റ്റിമേറ്റ് അംഗീകരിക്കുംമുൻപ് നിർമ്മാണക്കരാറുകാരന്റെ വിവരങ്ങൾ സർക്കാർ അറിഞ്ഞില്ല
4)ധാരണാപത്രത്തിലെ അറബിക് ഭാഗം ഗസറ്റഡ് റാങ്കുള്ള അറബിക് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയില്ല
5) തുടർ കരാറുകൾക്ക് റെഡ്ക്രസന്റ് കോൺസുലേറ്റിനെ ചുമതലപ്പെടുത്തിയതിന്റെ രേഖയില്ല. നിർമ്മാണക്കരാറിന്റെ രേഖ യൂണിടാകിലുമില്ല