തിരുവനന്തപുരം: സി.ബി.ഐ കേസെടുത്തതിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലെ കോഴയിടപാട് അന്വേഷിക്കുന്ന വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ വകുപ്പിൽ പരിശോധന നടത്തി ഫയലുകൾ പിടിച്ചെടുത്തത് ചട്ടലംഘനമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. വടക്കാഞ്ചേരിയിലെ വിവാദ ഫ്ലാറ്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് ശേഖരിച്ചത്. ഈ നടപടി വിജിലൻസ് മാന്വലിന് എതിരാണെന്ന് പ്രോസിക്യൂഷൻ മുൻ അഡിഷണൽ ഡയറക്ടർ ജി.ശശീന്ദ്രൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനായി ഫയലുകളുടെയും രേഖകളുടെയും പകർപ്പുകൾ മാത്രമേ ശേഖരിക്കാവൂ എന്നാണ് ചട്ടം. അതേസമയം, സിബിഐ ആവശ്യപ്പെട്ടാൽ ഫയലുകൾ നൽകുമെന്നാണ് വിജിലൻസ് പറയുന്നത്.
വിജിലൻസിന്റേത് പ്രാഥമിക അന്വേഷണം മാത്രമാണ്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. സിബിഐ എറണാകുളം സിജെഎം കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയശേഷമുള്ള വിജിലൻസിന്റെ ഈ നടപടി അസാധാരണമാണ്. അന്വേഷണ സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെക്രട്ടേറിയറ്റിലെത്തി ഫയലുകൾ പിടിച്ചത്. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണവുമുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ, വിജിലൻസ് അന്വേഷണം അപ്രസക്തമായി. അഴിമതിയെക്കുറിച്ച് പ്രാഥമിക പരിശോധന നടത്താനാണ് വിജിലൻസിന് നൽകിയിട്ടുള്ള നിർദ്ദേശം. രേഖകൾ പരിശോധിച്ച് അഴിമതി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്ന് വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി വി.ജി വിനോദ് കുമാർ വ്യക്തമാക്കുന്നു. നേരത്തേ പെരിയ ഇരട്ടക്കൊലക്കേസിൽ, അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയിട്ടും രേഖകൾ കൈമാറാതെ അന്വേഷണം തടയാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് സർക്കാർ ചെയ്തത്.