കൊച്ചി : നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നിലവിൽവരുമ്പോൾ നിലമുടമയായിരുന്ന വ്യക്തിക്ക് മാത്രമാണ് നിശ്ചിതയളവിൽ വയൽനികത്തി വീടുവയ്ക്കാൻ അനുവാദമുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2008ൽ നിയമം നിലവിൽവന്നശേഷം നിലം വിൽക്കുമ്പോൾ വയൽനികത്തി വീടുവയ്ക്കാനുള്ള അവകാശംകൂടി കൈമാറില്ലെന്നും ഇതനുവദിക്കുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു വിരുദ്ധമാണെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
നെൽ വയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം മറ്റു ഭൂമിയില്ലാത്ത നിലമുടമകൾക്ക് നഗരപ്രദേശങ്ങളിൽ അഞ്ച് സെന്റും ഗ്രാമങ്ങളിൽ പത്തുസെന്റും നികത്തി വീടുവയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജില്ലാതല നിരീക്ഷണസമിതി അനുമതി നൽകിയതിനെത്തുടർന്ന് വീടുവെച്ചെങ്കിലും ടൗൺ പ്ളാനിംഗ് ഒാഫീസർ അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി പാലക്കാട് നൂറണി സ്വദേശി ആർ. സുധീഷ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
2008ൽ നിയമം നിലവിൽവരുമ്പോൾ വീടുവയ്ക്കാൻ മറ്റു സ്ഥലമില്ലാത്തവർക്കാണ് ഇളവുനൽകിയത്. നിയമം വന്നശേഷം നിലംവാങ്ങിയവർക്ക് ഈ ഇളവില്ല. ഹർജിക്കാരന് വയൽ നികത്താൻ അനുമതി നൽകിയ ജില്ലാതല നിരീക്ഷണസമിതിയുടെ നടപടി അധികാര പരിധി മറികടന്നുള്ളതാണ്. എന്നാൽ ഇൗ നടപടിയെ കോടതിയിൽ ചോദ്യംചെയ്തിട്ടില്ലെന്നും വീടിന്റെ നിർമ്മാണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി ഇതിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു ടൗൺ പ്ളാനിംഗ് ഒാഫീസർ തീരുമാനമെടുക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.