ന്യൂഡൽഹി: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്ത്, ലൈഫ് പദ്ധതി അഴിമതി കേസുകളുകളുമായി ബന്ധപ്പെട്ട് വിദേശത്തു നിന്ന് വിവരങ്ങൾ ശേഖരിക്കാൻ സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത സംഘത്തെ അയയ്ക്കാൻ നീക്കം.
വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളുടെ പുരോഗതി വിലയിരുത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംയുക്ത അന്വേഷണ സംഘത്തെ അയ്ക്കുന്നതിനുള്ള സാദ്ധ്യത തേടിയെന്നാണ് വിവരം.
ലൈഫ് പദ്ധതിയിൽ കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ച കേസ് ബി.ബി.ഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് സംയുക്ത അന്വേഷണ സംഘമെന്ന ആലോചന വന്നത്. ഇന്റർപോളിന്റെ നോഡൽ ഏജൻസിയായ സി.ബി.ഐക്ക് വിദേശത്ത് അന്വേഷണം നടത്താനുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ നേരത്തെ യു.എ.ഇയിൽ പോയിരുന്നു.