കൊച്ചി: ലോകവിനോദ സഞ്ചാരദിനത്തിന്റെ ഭാഗമായി ഗ്രാമീണവികസന പ്രവർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രത്യേക പരിപാടികൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും.ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റായ ടൂറിസ്റ്റ്ഡസ്ക്കും സംയുക്തമായി എറണാകുളം ബോട്ടുജെട്ടി പരിസരത്ത് 'മത്സ്യവിത്ത് ചന്ത' ഇന്നുമുതൽ ഒക്ടോബർ രണ്ട വരെ സംഘടിപ്പിക്കും. വംശനാശ ഭീഷണി നേരിടുന്ന നാടൻ തിലോപ്പിയുടേയും, കറൂപ്പിന്റെയും കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. നഗരത്തിലെ വീടുകളോടനുബന്ധിച്ചുള്ള കുളങ്ങളിലും, കിണറുകളിലും ഈ മത്സ്യ കുഞ്ഞുങ്ങളെ വളർത്തി വിളവെടുക്കുവാൻ കഴിയും. ഒപ്പം, തദ്ദേശിയ മത്സ്യങ്ങളുടെ നാട്ടുരുചിയും, തനിമയും നഗരവാസികൾക്കും, അതിത്ഥികൾക്കും ലഭ്യമാക്കാനും സാധിക്കും. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമവാസികൾക്ക് വീടിനോടുചേർന്നുള്ള കുളങ്ങളിൽ വളരെ ചെലവു കുറഞ്ഞരീതിയിൽ മത്സ്യങ്ങളെ വളർത്തി വിപണനം ചെയ്യുന്നതിന് ഇതിലൂടെ അവസരം ലഭിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആറാഴ്ച പിന്നിട്ട, കാക്കപ്രായംകഴിഞ്ഞ മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് 10 രൂപ മുതൽ 20 രൂപ വരെയാണ് വില. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചന്തയിൽ പങ്കെടുക്കവാൻ താത്പര്യമുള്ളവർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്തശേഷം നിശ്ചിത സമയത്ത് എത്തി പങ്കാളിയാകാവുന്നതാണ്. ഇതിന്റെ ഭാഗമായി, ലോക വിനോദ സഞ്ചാരദിനാഘോഷവും സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഡി.റ്റി.പി.സി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ .എസ്. സുഹാസ് ഉദ്ഘാടന സന്ദേശം നൽകും. എ ഷാഹുൽഹമീദ്, ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബിജുവർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസംവകുപ്പ്, വിജയകുമാർഎസ്. സെക്രട്ടറി, ഡി.ടി.പി.സി എന്നിവർ ലോകവിനോദ സഞ്ചാരദിന ആഘോഷത്തിന്റെ ഭാഗമായ മത്സ്യവിത്ത് ചന്തയുടെ ആദ്യവിൽപ്പന നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9847044688, 9847331200