ബയോടെക്നോളജി രംഗത്ത് കേരളത്തിന് അഭിമാനകരമാകാൻ പോകുന്ന ഒരു ബൃഹദ് സംരംഭത്തിനാണ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തറക്കല്ലിട്ടത്. വൈദ്യശാസ്ത്ര വിപണിക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കാനും അവയുടെ ഗുണമേന്മാ പരിശോധന നടത്തുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് മെഡ്സ് പാർക്ക് എന്ന് അറിയപ്പെടാൻ പോകുന്ന ഈ സ്ഥാപനത്തിൽ ഒരുക്കുന്നത്. വർഷങ്ങളായി അനാഥമെന്ന പോലെ കിടക്കുന്ന ലൈഫ് സയൻസ് പാർക്കിൽ ഒൻപത് ഏക്കർ സ്ഥലത്താണ് മെഡ്സ് പാർക്ക് ഉയരാൻ പോകുന്നത്. 230 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ 150 കോടി രൂപ മുടക്കും. എൺപതു കോടി രൂപ കേന്ദ്രസർക്കാർ വിഹിതമാണ്. പതിനെട്ടുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടം അടുത്ത മാർച്ചിൽ പൂർത്തിയാകും. രണ്ടര ലക്ഷത്തിലേറെ ചതുരശ്രഅടി വിസ്തീർണത്തിൽ മെഡ്സ് പാർക്ക് പ്രവർത്തനക്ഷമമാകുന്നതോടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള വ്യവസായ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മെഡ്സ് പാർക്കിനു നേതൃത്വം നൽകുന്നത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസാണ്. ഗുണമേന്മയുടെയും വിലക്കുറവിന്റെയും കാര്യത്തിൽ ശ്രീചിത്രയുടെ മെഡിക്കൽ ഉപകരണങ്ങൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ
കീർത്തി നേടിയവയാണ്. പാർക്ക് പൂർണനിലയിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെഡിക്കൽ മേഖലയ്ക്കാവശ്യമായ നിരവധി പുതിയ ഉത്പന്നങ്ങൾ ഇവിടെ നിർമ്മിക്കാനാകും. ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവ ലഭിക്കുമെന്നതാണ് രോഗികൾക്ക് ഏറെ ആശ്വാസകരമാകാൻ പോകുന്നത്. ബയോടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തോന്നയ്ക്കലെ മെഡ്സ് പാർക്ക് അതിനൂതനങ്ങളായ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മിതിയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ശ്രദ്ധേയമാകാൻ പോവുകയാണ് . ശ്രീചിത്രയുടെ നേതൃത്വത്തിലുള്ളതിനാൽ ഇവിടെ നിർമ്മിക്കുന്ന എല്ലാത്തരം മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റു സാമഗ്രികൾക്കും ഏറെ വിശ്വാസ്യതയും സ്വീകാര്യതയുമുണ്ടാകും.
ശ്രീചിത്രയുടെ വിപണി ഇടപെടലുകൾ വഴി പല ഉപകരണങ്ങളുടെയും വില കുറയ്ക്കാൻ കുത്തക നിർമ്മാതാക്കൾ നിർബന്ധിതമായ കാര്യം മുമ്പിലുണ്ട്. ശ്രീചിത്ര ഹൃദയ വാൽവ് വികസിപ്പിക്കുന്നതിനു മുൻപ് വിപണിയിൽ സ്വകാര്യ കമ്പനികൾ എൺപതിനായിരം രൂപയ്ക്കു മുകളിലാണ് അതു വിറ്റുകൊണ്ടിരുന്നത്. ചിത്രാ വാൽവ് മുപ്പത്തയ്യായിരം രൂപയ്ക്ക് ലഭിക്കുമെന്നായപ്പോൾ കമ്പനികളും വില കുറയ്ക്കാൻ നിർബന്ധിതരായി.
മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വഴി ഒരു വർഷം രാജ്യത്തിന് എണ്ണായിരം കോടിയിലധികം രൂപയുടെ വിദേശനാണ്യം ചെലവാകുന്നു എന്നാണ് കണക്ക്. ഇവയിൽ പലതും നാട്ടിൽത്തന്നെ നിർമ്മിക്കാൻ സാദ്ധ്യമായാൽ നേട്ടം പാവപ്പെട്ട രോഗികൾക്കു തന്നെയാകും. മെഡ്സ് പാർക്ക് പ്രവർത്തിച്ചു തുടങ്ങുമ്പോൾ 1200 പേർക്കാണ് ജോലി ലഭിക്കുന്നത്. പരോക്ഷമായി അയ്യാത്തിരത്തോളം പേർക്ക് തൊഴിൽ സാദ്ധ്യതയും. ലൈഫ് സയൻസ് പാർക്കിൽത്തന്നെ വർഷങ്ങൾക്കു മുമ്പു പിറവിയെടുത്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനിയും ബാലാരിഷ്ടത വിട്ടിട്ടില്ലെന്ന ദുഃഖസത്യം മുന്നിൽത്തന്നെയുണ്ട്. മെഡ്സ് പാർക്കിന് ആ ഗതി വരാതിരിക്കാൻ ശ്രദ്ധിക്കണം.