കൊച്ചി: ഓൺലൈൻ ആയാലും എന്താ, ഡ്രിൽ ക്ലാസിൽ കുട്ടികളെല്ലാം ഹാജറാണ്. ഒരു ക്ലാസും മിസ് ചെയ്യില്ല. നൽകുന്ന നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കും. സപ്പോർട്ടുമായി രക്ഷാകർത്താക്കളുമുണ്ട്. എല്ലാ വിഷയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോഴും ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകളുടെ കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. പക്ഷെ ഓൺലൈൻ ഡ്രിൽ ക്ലാസുകളിൽ നിന്ന് കുട്ടികളുടെ മികച്ച പ്രതികരണം ലഭിച്ചതോടെ അദ്ധ്യാപകർക്കും ആത്മവിശ്വാസമായി.
കൂടുതൽ അറ്റൻഷൻ
കുട്ടികൾക്ക് പഠനത്തോടൊപ്പം തന്നെ വ്യായാമവും ആവശ്യമാണ്. അതിലൂടെ ശാരീരികവും മാനസികവുമായ ഉണർവ് ലഭിക്കുന്നു. പക്ഷെ കുട്ടികളെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ കൊടുക്കുന്നത് പോലെ ഫലവത്താകുമോ എന്ന സംശയമുണ്ടായിരുന്നു ഗൂഗിൾ മീറ്റ്ലൂടെ ഡ്രിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ. പക്ഷെ വീട്ടിൽ അടങ്ങിയിരിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളുടെ വിരസത മാറ്റാൻ ഡ്രിൽ ക്ലാസുകളിലൂടെ സാധിച്ചു. അദ്ധ്യാപകർ ഗൂഗിൾ മീറ്റ്ലുടെ വിശദാംശങ്ങളും നിർദേശങ്ങളും നൽകി. ചെയ്യേണ്ട വ്യായാമങ്ങൾ ചെറിയ വീഡിയോകളാക്കി വാട്ട്സ്അപ്പ് ഗ്രൂപ്പിലൂടെ അയച്ചുകൊടുത്തു. വീഡിയോ കണ്ട് അത് ചെയ്യുന്ന വീഡിയോ കുട്ടികൾ തിരിച്ച് വാട്ട്സ്അപ്പ് ഗ്രൂപ്പുകളിൽ ഇടും. ഇത് നോക്കിയാണ് അദ്ധ്യാപകർ ക്ലാസുകൾ വിലയിരുത്തുന്നത്. എൽ.പി, യു.പി വിഭാഗം കുട്ടികളാണ് ഡ്രിൽ ക്ലാസുകളിൽ കൂടുതൽ താത്പര്യം കാണിക്കുന്നത്.
ഫുൾ സപ്പോർട്ട്
മറ്റു പഠന വിഷയങ്ങളൊടൊപ്പം തന്നെ ഡ്രിൽ ക്ലാസുകളിൽ കുട്ടികളുടെ കൂടെ രക്ഷിതാക്കളും ഇരിക്കുന്നുണ്ട്. കുട്ടികൾക്കുള്ള വീഡിയോകൾ നോക്കി വ്യായാമം ചെയ്യുന്ന രക്ഷിതാക്കളുമുണ്ട്. വീഡിയോകളിലൂടെ ചെയേണ്ട വ്യായാമങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതും വളരെ സഹായമാകുന്നുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
"മാനസികവും ശാരീരികവുമായ വ്യായാമം കുട്ടികൾക്ക് ആവശ്യമാണ്. പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ. വീഡിയോകൾ കുട്ടികൾ കൃത്യമായി അയച്ചുതരുന്നതിനാൽ ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം ശ്രദ്ധിക്കാനാവുന്നുണ്ട്."
എ.എസ് പ്രദീപ് കുമാർ
ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ
എ.സി.എസ് സ്കൂൾ, കലൂർ