തിരുവനന്തപുരം: 'ഇന്ത ദേഹം മറൈന്താലും ഇസയായ് മലർവേൻ' ആത്മാവ് നൽകിയ ഈ പാട്ടിലെ വരികളെ അനശ്വരമാക്കിക്കൊണ്ടാണ് എസ്.പി.ബി എന്ന എസ്.പി.ബാലസുബ്രഹ്മണ്യം പരമമായ നാദത്തിലേക്ക് ലയിച്ചു ചേർന്നത്. ''ഈ ദേഹം മറഞ്ഞുപോയാലും സംഗീതമായി ഞാൻ വിടരും'' എന്നാണ് ഈ വരികളുടെ അർത്ഥം.1985ൽ പുറത്തിറങ്ങിയ ഉദയഗീതം എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണം നൽകിയ ആ ഗാനം ആലപിച്ചത് എസ്.പി.ബിയായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സൗഹൃദമായിരുന്നു എസ്.പി.ബി- ഇളയരാജ ടീമിന്റേത്. ഏറ്റവും ഒടുവിൽ എസ്.പി.ബിയോട് പിണങ്ങിയതും ഒരു ആലിംഗനത്തിൽ പിണക്കം തീർത്തതും ഇളയരാജയായിരുന്നു.
ഇന്നലെ എസ്.പി.ബി മണ്ണോട് ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ നെഞ്ചുപൊട്ടി പാടുകയായിരുന്നു ഇളയരാജ. സ്വന്തമായി ഈണമിട്ട് ''ഗാനംപാടിയ വാനം പാടിയേ ഉൻ ഗീതം...'' എന്നു തുടങ്ങുന്ന ഗാനം ''... പാടും നിലവുക്ക് മൗനാഞ്ജലി'' എന്നാണ് അവസാനിക്കുന്നത്. ഇതോടൊപ്പം തിരുവണ്ണാമലൈയിൽ പോയി തന്റെ പ്രിയ കൂട്ടുകാരന്റെ ആത്മശാന്തിയ്ക്കായി മോക്ഷദീപവും തെളിച്ചു.
തന്റെ സംഗീത ജീവിതത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എസ്.പി.ബി അമേരിക്കയിലെ വേദികളിൽ പാടുമ്പോഴാണ് ഇളയരാജ താൻ ഈണം നൽകിയ ഗാനങ്ങൾ അനുമതിയില്ലാതെ പാടരുതെന്ന് നിയമപരമായി മുന്നറിയിപ്പ് നൽകിയത്. ഇളയരാജയുടെ പാട്ടുകൾ പാടാതെ അവർ മടങ്ങി. നിരവധി ഗായകർ ഇളയരാജയോടു പിണങ്ങി. പക്ഷെ, എസ്.പി.ബിക്ക് അതിന് കഴിഞ്ഞില്ല. ഇളയരാജയുടെ 76ാം ജന്മദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷത്തിന്റെ റിഹേഴ്സലിനായി സ്റ്റുഡയോയിലെത്തിയപ്പോൾ ഒരു ഗാഢാലിംഗനത്തിൽ അവർ പഴയ ബാലുവും രാജയുമായി. എസ്.പി. ബി ആരോഗ്യനില വഷളായി ആശുപത്രിയിൽ കിടന്നപ്പോൾ കണ്ണീരോടെ ഇളയരാജ പറഞ്ഞു 'ബാലൂ, എഴുന്ത് വാ.." പക്ഷേ ബാലു വന്നില്ല.
രജനിക്കായി ഒരിക്കൽ കൂടി
സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന അണ്ണാത്തൈ എന്ന സിനിമയിൽ രജനികാന്തിന് ആയി ഇൻട്രോ സോംഗ് പാടിയിരിക്കുന്നത് എസ്.പി.ബിയാണ്. കൊവിഡ് ഭീതിയെ തുടർന്ന് മാറ്റിവച്ച ചിത്രീകരണം അടുത്ത വർഷം തുടങ്ങു .രജനികാന്തിന്റെ കഴിഞ്ഞ ചിത്രമായ ദർബാറിലും ചുമ്മാ കിഴി എന്ന ഹിറ്റ് ഇൻട്രോ ഗാനം ആലപിച്ചത് എസ്.പിബിയായിരുന്നു.