പാലാരിവട്ടം പാലം മലയാളിക്ക് ഇന്ന് വെറുമൊരു പാലമല്ല. അഴിമതിയുടെ കോൺക്രീറ്റ് പ്രതീകമായി അത് മാറിയിരിക്കുന്നു. അതോടൊപ്പം അഴിമതിയില്ലായ്മയുടെയും സത്യസന്ധതയുടെയും മറുവശം കൂടി കാട്ടിത്തരാൻ ആ പാലം ഇപ്പോൾ ഒരു നിമിത്തവുമാകുന്നു. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ എന്ന ഡി.എം.ആർ.സി പാലം ഉടനെ പുതുക്കിപ്പണിയും. അതിന് സർക്കാർ ഇനി പണം മുടക്കണ്ട. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡി.എം.ആർ.സി നിർമ്മിച്ച നാല് പാലങ്ങൾ എസ്റ്റിമേറ്റ് തുകയ്ക്ക് താഴെ പൂർത്തിയാക്കിയതിലൂടെ മിച്ചംവന്ന 17.4 കോടി രൂപ വിനിയോഗിച്ചാവും പണി പൂർത്തിയാക്കുക.
രാഷ്ട്രീയം മാറ്റി നിറുത്തിയിട്ട്, എങ്ങനെ ഈ പുതുക്കിപ്പണിയിലേക്ക് എത്തി എന്നതാണ് നാം പരിശോധിക്കേണ്ടത്. കാരണം ഇവിടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരുന്നാൽ പാലം വീഴുന്നത് നമ്മുടെ തന്നെ തലയിലായിരിക്കും.
പാലാരിവട്ടം പാലത്തിന്റെ പുതുക്കിപ്പണിയലിന് ഇടയാക്കിയത് രണ്ടുപേരുടെ അതിശക്തമായ ഇടപെടലുകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്റെയും. ജനങ്ങളോടുള്ള ഉത്തരവാദിത്വം ഒരു ബലക്ഷയവും കൂടാതെ അവർ നിറവേറ്റി എന്നത് ഇതിന്റെ പിന്നാമ്പുറം പരിശോധിക്കുന്ന ആർക്കും മനസിലാകും.
യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലം പൂർത്തിയാക്കിയത്. എൽ.ഡി.എഫ് സർക്കാർ അതിൽ പെയിന്റടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തുടർന്നാണ് ബലക്ഷയത്തിന്റെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതും വിവാദങ്ങൾക്ക് തുടക്കം കുറിച്ചതും. പാലം മൊത്തം പൊളിച്ചുപണിയണമെന്ന ആവശ്യവും ഉയർന്നുവന്നു. തുടർന്ന് 2019 മേയ് ഒന്നിന് പൊതുമരാമത്ത് വകുപ്പ് സുപ്രധാനമായ മൂന്ന് നടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്ക് ശേഷം പാലം അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവായിരുന്നു ഒന്ന്. വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായിരുന്നു മറ്റൊന്ന്. മദ്രാസ് ഐ.ഐ.ടി ടീമിനെ വിദഗ്ദ്ധ പഠനത്തിന് നിയോഗിച്ചതാണ് മൂന്നാമത്തെ നടപടി. വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉടൻതന്നെ ഉത്തരവിട്ടു. ഇതിനിടെ പാലം മൊത്തത്തിൽ പൊളിക്കേണ്ടതില്ല എന്ന ഇ. ശ്രീധരന്റെ അഭിപ്രായം പത്രങ്ങളിൽ വന്നു. പൊതുമരാമത്ത് മന്ത്രി ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ഒരു റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പത്തുശതമാനം പൊളിച്ച് പണിഞ്ഞാൽ മതിയെന്നും പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. തുടർന്ന് സർക്കാർ ഡി.എം.ആർ.സിയെ നിർമ്മാണ ചുമതല ഏൽപ്പിച്ച് 2019 സെപ്തംബറിൽ ഉത്തരവിട്ടു. പക്ഷേ ഇതിനിടെ കോൺട്രാക്ടർമാരുടെ സ്വകാര്യ സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിൽ പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഉത്തരവാണ് ഉണ്ടായത്. സർക്കാർ സുപ്രീംകോടതിയിൽ അപ്പീലിന് പോയി. അവിടെ കോൺട്രാക്ടർമാരുടെ വക്കീൽ പറഞ്ഞത് ശ്രീധരന്റെ ഇൗഗോയാണ് പ്രശ്നങ്ങൾ വഷളാക്കിയത് എന്നായിരുന്നു. അറുപതുകളിൽ മുപ്പത് വയസ് പ്രായമുള്ളപ്പോൾ ആറുമാസംകൊണ്ട് തീർക്കേണ്ട പാമ്പൻപാലം 46 ദിവസംകൊണ്ട് പൂർത്തിയാക്കിയ എൻജിനിയറായ ശ്രീധരനെക്കുറിച്ച് ഇങ്ങനെ പറയാൻ സങ്കോചമില്ലേ എന്ന് അറ്റോർണി ജനറലും മലയാളിയുമായ കെ.കെ. വേണുഗോപാൽ അപ്പോൾ തന്നെ പ്രതികരിച്ചതിനോടാണ് സുപ്രീംകോടതി യോജിച്ചത്. ഇവിടെ അഴിമതി നടത്തിയവർ തന്നെ കേസ് കൊടുത്ത് പാലത്തിന്റെ പുതുക്കിപ്പണി വൈകിപ്പിക്കുകയും ചെയ്തു. ഇല്ലെങ്കിൽ പാലം പണി ഡി.എം.ആർ.സി ഇതിനകം പൂർത്തിയാക്കുമായിരുന്നു. എന്തായാലും മെട്രോമാനാണ് വരുന്നത്. പണി പൂർത്തിയാക്കാൻ ഒൻപതുമാസം വേണമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തന്നെ പാലംപണി അദ്ദേഹം പൂർത്തിയാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.