SignIn
Kerala Kaumudi Online
Tuesday, 02 March 2021 1.11 PM IST

മഹാപ്രവാഹിനി

mata

അമൃതാനന്ദമയി അമ്മയുടെ അറുപത്തിയേഴാം ജന്മദിനം ഇന്ന്

ഓം അമൃതേശ്വര്യൈ നമഃ

വിനയമാണ് മനുഷ്യന് ജീവിതം നൽകുന്ന ഏറ്റവും വലിയ സന്ദേശം. പ്രകൃതിയുടെയും ഈശ്വരന്റെയും മുന്നിൽ നമ്രശിരസ്‌കരായി നിൽക്കുക. കനിഞ്ഞുനൽകുന്ന വരങ്ങൾ താഴ്മയോടെ സ്വീകരിക്കുക.

'മക്കളേ,​ നാം നന്ദിയുള്ളവരായിരിക്കണം. പ്രകൃതിയെ ഗാഢമായി സ്‌നേഹിക്കാനും ആദരിക്കാനും ശീലിക്കണം. പശുവിനെ നമ്മൾ സ്‌നേഹിക്കുന്നു. പക്ഷേ, കറവ വറ്റുമ്പോൾ അതിനെ ഇറച്ചിക്ക് വിൽക്കുന്നു. ഈ മനോഭാവം മാറണം. നാം അറിഞ്ഞില്ലെങ്കിലും നമ്മൾ ചെയ്യുന്ന ചെറുതും വലുതുമായ കർമ്മങ്ങൾ നമ്മളെയും മറ്റുള്ളവരെയും സമൂഹത്തെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട്, നമ്മൾ ആദ്യം മാറണം. അതു സംഭവിച്ചാൽ, മറ്റുള്ളവർക്ക് തനിയെ മാറ്റം വരും. ഇത് അമ്മയുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുകളിൽ ഒന്നാണ്.

ഒരു കരുതൽ മതി, കനിവിന്റെ ഉറവ പൊട്ടിയൊഴുകാൻ. പക്ഷേ, മനുഷ്യൻ പഠിച്ചോ ? ഇനിയും ഇനിയും വേണം എന്ന രീതിയിൽ ആവുന്നത്ര കറന്നെടുക്കാനായിരുന്നു എല്ലാവരുടെയും ശ്രമം. പാലിന് പകരം ചോരയാണെങ്കിലും വിരോധമില്ല എന്ന ധാർഷ്ട്യം. അപ്രതീക്ഷിതമായിരുന്നോ, പ്രകൃതിയുടെ ഈ വിളയാട്ടം. സൂക്ഷ്മ നിരീക്ഷണത്തിൽ അല്ലെന്ന് പറയാനാകും. സമൂഹത്തിന്റെ അഹങ്കാരത്തിനുമേൽ പ്രകൃതി എന്നും സജീവമായി ഇടപെട്ടിട്ടുണ്ട്. നമ്മളത് പലപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല എന്നു മാത്രം.

വിപത്ത് ഒരു മഹാമാരിയായി പെയ്തിറങ്ങിയപ്പോൾ വെറുങ്ങലിച്ച് പോയില്ലേ രാഷ്ട്രങ്ങളെല്ലാം. എവിടെപ്പോയി മനുഷ്യന്റെ അഹന്ത ? ഒരു നിമിഷാർദ്ധം കൊണ്ട് ലോകം നിശ്ചലമായി.മനുഷ്യന്റെ അടങ്ങാത്ത ദുരാഗ്രഹത്തിന് മേൽ പതിച്ച അശനിപാതം തന്നെയാണ് കൊവിഡ് 19. ഈശ്വരനെ മറന്നുള്ള ഈ കളിയിൽ പ്രകൃതി അതിന്റെ ഭാഗം തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്നു എന്ന് മാത്രം.

വർഷങ്ങൾക്ക് മുമ്പ് അമ്മ മുന്നറിയിപ്പ് തന്നിരുന്നു. അന്നുമുതൽ അമ്മ വിശ്വശാന്തിക്കും പ്രകൃതിയുടെ താളലയത്തിനും വേണ്ടി ഒരു പ്രത്യേക ധ്യാനം ഏർപ്പെടുത്തി. ശാന്തിയുടെ തൂവെള്ള പുഷ്പങ്ങൾ ആകാശത്തുനിന്നും ഭൂമിയിലുള്ള സകലജീവരാശികളുടേയും മേൽ വർഷിക്കുന്നതായി ഭാവനചെയ്തുകൊണ്ടുള്ളതാണ് ആ ധ്യാനം. അതുപോലെതന്നെ, ലോകമെങ്ങുമുള്ള ഭക്തരോട് 'ലോകാ സമസ്താഃ സുഖിനോ ഭവന്തു' എന്ന ശാന്തിമന്ത്രം ദിവസവും കഴിയുന്നത്ര തവണ ചൊല്ലുവാനും അമ്മ നിർദ്ദേശിച്ചു. അല്പമെങ്കിലും മാറ്റം ഉണ്ടാകട്ടെ എന്ന് അമ്മ ആഗ്രഹിച്ചു.

വർത്തമാനകാലത്തിന്റെ ദുരവസ്ഥയിൽ അമ്മ വേദനിക്കുന്നു. ഓരോ നിമിഷത്തിലും അമ്മ ലോകമെമ്പാടുമുള്ള മക്കളെക്കുറിച്ചോർത്ത് ഉത്കണ്ഠപ്പെടുന്നു. അഹങ്കാരത്തിന്റെ അംശം കഴിയുന്നത്ര ഒഴിവാക്കി കർമ്മനിരതരാകാൻ ശ്രമിക്കണമെന്ന് അമ്മ അവരെ ഉപദേശിക്കുന്നു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും ജൈവകൃഷിയിൽ ഏർപ്പെട്ടും തന്നാലാവുന്ന വിധത്തിൽ പ്രകൃതിയെ സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും അമ്മ ഓർമ്മിപ്പിക്കുന്നു.

'മക്കളെ, ധൈര്യലക്ഷ്മിയെ കൂട്ടുപിടിക്കൂ എന്ന് അമ്മ മക്കളോടു പറയുന്നു. ആദ്ധ്യാത്മികമായി പറയുമ്പോൾ, ധീരത, ധൈര്യം എന്നീ പദങ്ങൾക്ക് നമ്മൾ സാധാരണ കരുതുന്നതിലും കൂടുതൽ അർത്ഥതലങ്ങളുണ്ട്. പ്രപഞ്ചശക്തിയിലും അവനവനിലും ഉള്ള വിശ്വാസവും ആത്മസമർപ്പണവും ഒക്കെ സൂചിപ്പിക്കുന്ന വാക്കാണത്.

കൊവിഡ്, ഈശ്വരന്റെ വെറുമൊരു 'സാമ്പിൾ ' മാത്രമാണ്. ഇതിന്റെ ആഘാതത്തിൽ മനുഷ്യരാശി ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇത്തരമൊന്നുകൂടി താങ്ങാൻ മനുഷ്യനു കെല്പില്ല. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് തലകുനിക്കാം. ഇതുവരെ ചെയ്തുകൂട്ടിയ കൃതഘ്നതക്ക് പകരം കൃതജ്ഞതയുടെ പൂക്കളർപ്പിച്ച് പ്രകൃതി മാതാവിനെ വണങ്ങാം. വിനയത്തിന്റെ പാത തീർത്ത് പുതിയ കളരികൾ പണിയാം. ശാന്തിയുടെ കെടാവിളക്കുകൾ തെളിക്കാം. അതിലുടെ ഒഴുകിവരുന്ന പ്രകാശരശ്മി ലോകമെങ്ങും പരക്കട്ടെ. മനുഷ്യരാശി ഒന്നായി ചേർന്നുനിന്ന് പാരസ്പര്യത്തിന്റെ അമൃതധാര നുകരട്ടെ.

അമ്മയുടെ വാക്കുകൾ അനുസ്മരിക്കട്ടെ, 'ആദ്ധ്യാത്മിക മൂല്യങ്ങളാണ് പ്രപഞ്ചത്തിന്റെ താളലയം നിലനിറുത്തുന്നത്. അവയെ അല്പമെങ്കിലും ജീവിതത്തിൽ ഉൾക്കൊള്ളണം. ഇല്ലെങ്കിൽ പ്രകൃതിയുടെ താളലയം നഷ്ടമാകും. അത് മനുഷ്യന് ആപത്താണ്. മറുഭാഗത്തു നിൽക്കുന്നത് പ്രകൃതി എന്ന മഹാശക്തിയാണെന്നുള്ള സത്യം നമ്മൾ മറന്ന് പ്രവർത്തിക്കരുത്.' തപോധനന്മാരായ ഋഷീശ്വന്മാർ, വർത്തമാനകാലത്തിനാണ് എപ്പോഴും പ്രാധാന്യം കല്‌പിക്കുന്നത്. കർമ്മവീര്യം സമാഹരിക്കേണ്ടതും പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതും ഈ നിമിഷത്തിൽ മനസിനെ ഉറപ്പിച്ചു നിറുത്തിക്കൊണ്ടായിരിക്കണം.

ഒരപര ഭാഷ വശത്താക്കാനുള്ള എളുപ്പവഴി അത് സംസാരിക്കുന്ന തദ്ദേശവാസികളുമായി കൂടുതൽ ഇടപഴകുക എന്നതാണ്. ആദ്ധ്യാത്മികതയുടെ അതിസൂക്ഷ്മമായ ഭാഷ നമുക്കജ്ഞാതമാണ്എന്നാലമ്മയെ സംബന്ധിച്ച് അത് സ്വാത്മഭാവമാണ്.

ഏത് മേഖലയിലും വിജയം കൈവരിക്കാൻ, എല്ലാമറിയാം എന്നുള്ള ഭാവം തടസമാണ്. അറിവിന്റെ വാതിലുകൾ അവിടെ കൊട്ടിയടയ്ക്കപ്പെടും. “വിജയം കൈവരിക്കാൻ ഒരു കുഞ്ഞുഹൃദയം വേണം. ഒരു തുടക്കക്കാരന്റെ മനസുണ്ടാവണം” എന്ന്‌ അമ്മ പറയാറുണ്ട്. നമുക്ക്‌ തുറന്ന മനസോടെ, ഭക്തിയോടെ, പ്രേമത്തോടെ ആദരവോടെ പ്രകൃതിയെ സമീപിക്കാം. നദിയിൽ നിന്ന് വെള്ളമെടുക്കാൻ നല്ലവണ്ണം കുനിയണം. പ്രകൃതി സകലജീവരാശികളെയും നിലനിറുത്തുകയും പരിപോഷിപ്പിക്കുകയും
ചെയ്യുന്ന മഹാപ്രവാഹിനിയാണ്‌‌. അതിന് മുന്നിൽ അഹങ്കാരം വിലങ്ങുതടിയാകാതിരിക്കട്ടെ... വിനായാന്വിതരായി തലകുമ്പിട്ട് നിൽക്കാൻ കഴിയട്ടെ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MATHA AMRITHANANDAMAYI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.