മഞ്ചേരി: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറി വിലവർദ്ധന. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ നാമമാത്രമായിരിക്കെ, കടുത്ത വെല്ലുവിളിയാണ് ജനം നേരിടുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അപ്രതീക്ഷിതമായി ശക്തിയാർജ്ജിച്ച മഴയ്ക്കൊപ്പം പച്ചക്കറി വില ഗണ്യമായി ഉയരുകയായിരുന്നു. കൊവിഡ് രോഗികൾ അനുദിനം വർദ്ധിക്കുന്ന ജില്ലയിൽ സാധാരണ തൊഴിലിടങ്ങൾ നഷ്ടമാവുകയും ജീവിത പ്രതിസന്ധി കനക്കുകയും ചെയ്യുമ്പോൾ വിലക്കയറ്റം വെല്ലുവിളിയാവുകയാണ്.
തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്ന പച്ചക്കറികളുടെ അളവ് ഗണ്യമായി കുറഞ്ഞു. പ്രാദേശിക ഉത്പാദനവും കാര്യക്ഷമമല്ല. വിലയിൽ വ്യതിയാനമുണ്ടെങ്കിലും നിത്യമാർക്കറ്റിൽ ആവശ്യത്തിന് ചരക്കെത്തിക്കാനാവാത്തത് പച്ചക്കറി മൊത്തക്കച്ചവടക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ചരക്കുമായി കേരളത്തിലെത്താൻ ലോറി തൊഴിലാളികൾ മടിക്കുന്നതും ക്ഷാമത്തിന് കാരണമാണ്. മഞ്ചേരി ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ആവശ്യമായത്ര പച്ചക്കറികൾ എത്തുന്നില്ല. വിപണിയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ന്യായമായ നിരക്കിൽ ഉറപ്പാക്കാനുള്ള സമീപനം അധികാരികളിൽ നിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
ഇനം പുതിയ വില(കിലോ) പഴയ വില
സവാള 35 24
വെണ്ട . 60 40
പച്ചമുളക് 60 40
പച്ചക്കായ 36 30
കാരറ്റ് 55 40
പയർ 80 40
കാബേജ് 24 16
വെള്ളരി 24 16
ചെറിയ ഉള്ളി 70 48
വെളുത്തുള്ളി 140
വഴുതനങ്ങ 40
തക്കാളി 24
ഇഞ്ചി 80