പൊന്നാനി: അപകടക്കെണിയൊരുക്കി കുറ്റിപ്പുറം- പള്ളപ്രം ദേശീയപാതയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ മാസം റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട ലോറിയിടിച്ച് ഉപ്പയും മകളും മരിച്ച സംഭവത്തിന്റെ ചോരപ്പാടുകൾ ഉണങ്ങും മുമ്പേയാണിത്. അപകടത്തെ തുടർന്നാണ് കുഴികൾ ദേശീയപാത അധികൃതർ അടച്ചത്. അപകടം നടന്ന പള്ളപ്രം ദേശീയപാതയിലെ ബർലിക്കുളത്തിന് സമീപത്തുൾപ്പെടെ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുംവിധം നിരവധി കുഴികൾ വീണ്ടും രൂപപ്പെട്ടു. ഇനിയൊരു അപകടത്തിന് കാത്തിരിക്കുകയാണോ കുഴികളടയ്ക്കാനെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
പള്ളപ്രം ദേശീയപാതയിലെ ചമ്രവട്ടം ജംഗ്ഷൻ മുതൽ ഉറൂബ് നഗർ വരെയുള്ള ഭാഗത്ത് നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിസമയങ്ങളിൽ ബൈക്കുകൾ കുഴിയിൽ ചാടി മറിയുക പതിവാണ്. മഴയായതിനാൽ വെള്ളം നിറഞ്ഞ് കുഴികൾ കാണാനാവില്ല. ചമ്രവട്ടം കുറ്റിപ്പുറം റോഡും തകർന്നിട്ടുണ്ട്. ഈ റോഡിലെ കുഴികളും അപകടങ്ങളുണ്ടാക്കുന്നു. ഒരു വർഷത്തിനിടയ്ക്ക് ദേശീയപാതയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കുഴിയിൽ ചാടി പരിക്കുപറ്റുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണത്തിന് കണക്കില്ല.
റോഡിന്റെ അറ്റകുപ്പണി തീർത്താൽ ആഴ്ച്ചകൾക്കകം പഴയ നിലയിൽ തകർച്ചയിലേക്കെത്തുന്ന സ്ഥിതിയാണ് ദേശീയപാതയിൽ. മഴയ്ക്ക് മുന്നേ അറ്റകുറ്റപ്പണി തീർക്കാത്ത അധികൃതർ മഴ പെയ്താൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റിയ സമയമല്ലെന്ന് പറഞ്ഞൊഴിയും. അപകടമരണങ്ങളുണ്ടാവുമ്പോൾ പ്രതിഷേധം ഭയന്ന് മെറ്റലും ടാറുമായി കരാറുകാർ ഓടിയെത്തും. കുഴിയിലെ വെള്ളത്തിൽ മെറ്റലിട്ടും ടാറൊഴിച്ചും എന്തെങ്കിലും കാട്ടിക്കൂട്ടി തിരിച്ചു പോകും. ദിവസങ്ങൾക്കകം അടച്ച കുഴികൾ പഴയ പോലെയാവും. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കള്ളക്കളി കുഴിയടക്കലിന് പിന്നിലുണ്ടെന്ന ആക്ഷേപം ശക്തമാണ്.
കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയിലെ മൂന്ന് റീച്ചുകളിൽ രണ്ടിടത്തും റോഡിന്റെ തകർച്ച മൂലമുള്ള അപകടങ്ങൾ പതിവാണ്. പള്ളപ്രം പുതുപൊന്നാനി റീച്ച് മാത്രാണ് തമ്മിൽ ഭേദം. ചമ്രവട്ടം ജംഗ്ഷൻ-പള്ളപ്രം റീച്ച് ബൈക്കുകൾക്ക് അപകടക്കെണിയാണ്.
കൈവിട്ട കളി
റോഡിലെ കുഴി അടക്കുന്നതിൽ ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പും കാണിക്കുന്ന അലംഭാവം കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
കുഴിയിൽ ചാടിയുണ്ടാകുന്ന അപകടത്തെ തുടർന്ന് മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം കൂടിവരുമ്പോഴും കുറ്റകരമായ നിസ്സംഗതയാണ് ബന്ധപ്പെട്ടവരിൽ നിന്ന് തുടരുന്നത്.
ചമ്രവട്ടം ജംഗ്ഷൻ , പള്ളപ്രം ദേശീയപാതയുടെ കാര്യത്തിൽ അധികൃതരുടെ വീഴ്ച്ചയാണ് എല്ലാ അപകടങ്ങൾക്കും കാരണം.
അറ്റകുറ്റപ്പണി നടത്തുന്ന ഭാഗങ്ങൾ തന്നെയാണ് തുടർച്ചയായി തകരുന്നത്. അറ്റകുറ്റപ്പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാലും പഴയ രീതി തന്നെ തുടരുന്ന സ്ഥിതിയാണുള്ളത്.