ആലപ്പുഴ : വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നൂറായി ഉയർത്തിയതോടെ തുലാം ഒന്ന് മുതൽ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്ററിംഗ് മേഖല. ഓഡിറ്റോറിയങ്ങളിലും വീടുകളിലും നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണ ബുക്കിംഗ് ആരംഭിച്ചു. നൂറ് പേർക്കാണ് പങ്കെടുക്കാൻ അനുമതിയെങ്കിലും ചുരുങ്ങിയത് 350 പേർക്കുള്ള വിഭവങ്ങൾ തയാറാക്കാനാണ് പല ഓർഡറുകളും ലഭിക്കുന്നത്. അൻപതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയാറാക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നു. എങ്കിലും ലഭിക്കുന്ന ഓർഡറുകൾ വേണ്ടെന്ന് വെയ്ക്കില്ല. കഴിഞ്ഞ ആറ് മാസക്കാലം അത്രത്തോളം ബുദ്ധിമുട്ട് നേരിട്ടതായി തൊഴിലാളികളും പറയുന്നു. ആയിരം പേരുടെ സദ്യവട്ടം തയാറാക്കുമ്പോൾ ചുരുങ്ങിയത് നാൽപ്പത് പേർക്കാണ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത്. പാചകക്കാർ മുതൽ വിളമ്പുകാർ വരെയുള്ള വിഭാഗത്തിന് പ്രതിദിനം 400 മുതൽ 600 രൂപയുടെ വരെ വരുമാനം ലഭിക്കുമായിരുന്നു. ആളെണ്ണം വെട്ടിച്ചുരുക്കുന്നതോടെ കാറ്ററിംഗ് ടീമിലെ ജോലിക്കാരുടെ എണ്ണം പരമാവധി 10 മുതൽ 15 വരെയായി ചുരുങ്ങും. ഇതോടെ ബാക്കിയുള്ളവർക്ക് വരുമാനമാർഗം അടയും. കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറി. കൂടുതൽ സീറ്റുള്ള ഓഡിറ്റോറിയങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ആളുകളെ പ്രവേശിക്കാൻ അനുമതി ലഭിച്ചാൽ അത് കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വിവാഹ ബുക്കിംഗുകൾ ആരംഭിച്ചതോടെ വൈകാതെ കാറ്ററിംഗ് മേഖല ഉഷാറിലാവുമെന്നാണ് പ്രതീക്ഷ. ആളുകൾ കുറഞ്ഞ ചടങ്ങുകൾക്ക് ഭക്ഷണം തയാറാക്കുന്നത് നഷ്ടമാണ്. എന്നിരുന്നാലും കഴിഞ്ഞ ആറ് മാസത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, ലഭിക്കുന്ന എത്ര ചെറിയ ഓർഡറും സ്വീകരിക്കാനാണ് തീരുമാനം
- ബി.റഷീദ്, ആലപ്പി കാറ്ററിംഗ് സർവീസ്
പുതുമ വേണം
കാറ്ററിംഗ് ജോലികൾ ഏറ്റെടുക്കുന്ന ബഹുഭൂരിപക്ഷം ടീമുകളും ഡെക്കറേഷൻ ജോലികളും ഏറ്റെടുക്കാറുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞാലും, പന്തലിന്റെയും മണ്ഡപത്തിന്റെയും അലങ്കാരത്തിൽ പുതുമ കൊണ്ടുവരാൻ ഉപഭോക്താക്കൾ ആവശ്യപ്പെടാറുണ്ട്. ഡൈനിംഗ് ടേബിൾ ഒരുക്കുന്നത്, കസേരകളുടെ കവർ, പന്തലിലെ അലങ്കാരങ്ങൾ, മണ്ഡപത്തിന്റെ പ്രൗഡി തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി പുതിയ വസ്തുക്കളാണ് വാങ്ങേണ്ടി വരുന്നത്. പരമാവധി നാലോ അഞ്ചോ വിവാഹചടങ്ങുകളിൽ ഉപയോഗിക്കുന്നതോടെ ഇവ നശിക്കും. ഇത്തരം അലങ്കാര സാമഗ്രികൾ വാങ്ങുന്നതിന് വലിയ തുക ചെലവാകാറുണ്ടെന്ന് അലങ്കാരപ്പണികൾ ചെയ്യുന്നവർ പറയുന്നു.
1000 പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന ചടങ്ങിൽ 40 പേർക്ക് ജോലി ലഭിക്കും
വിളമ്പുകാർ - 30
പാചകക്കാർ - 5
കോർഡിനേഷൻ - 2
സഹായികൾ - 3
പ്രതിദിന വരുമാനം 400 മുതൽ 600 രൂപ വരെ