തിരുവനന്തപുരം: എസ്.പി. ബാലസുബ്രഹ്മണ്യത്തിനു ശേഷവും അദ്ദേഹത്തിനു കൊവിഡ് ബാധിച്ചതിനെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാവുന്നു. ജൂലായ് 30ന് അദ്ദേഹം ഒരു ടി.വി പ്രോഗ്രാമിനായി പാടാൻ എത്തിയിരുന്നു. അന്ന് ആരും കാെവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സമൂഹമാദ്ധ്യമങ്ങളിൽ പറയുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അന്ന് ഒപ്പം പാടിയ ഒരു യുവഗായികയ്ക്ക് രോഗം ഉണ്ടായിരുന്നുവെന്നാരോപിച്ച് ആ ഗായികയ്ക്കു നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.
മൂന്നു പിഴവുകളാണ് ആ പരിപാടിയുടെ വീഡിയോ പങ്കുവച്ച് ചൂണ്ടികാണിക്കപ്പെടുന്നത്. ഒന്ന്- എൻ 95 മാസ്ക് എസ്.പി.ബി മാറ്റുന്നു. രണ്ട്- അടുത്തു നിൽക്കുന്ന ആൾ മാസ്ക് ധരിച്ചിട്ടില്ല. മൂന്ന്- ആരും സമൂഹ്യ അകലം പാലിച്ചില്ല.
''സംഘാടകർ അദ്ദേഹത്തെ വിളിച്ചതും അദ്ദേഹം സമ്മതിച്ചതും, അദ്ദേഹം ചെല്ലാൻ മറ്റുള്ളവർ അനുവദിച്ചതും വിധിയുടെ വൈപരീത്യമായിപ്പോയി. ആ പ്രോഗ്രാമിൽ പങ്കെടുത്ത ഒട്ടുമിക്കവർക്കും കൊവിഡ് രോഗം കിട്ടി. പക്ഷേ 74 കാരനായ എസ്.പി.ബിക്ക് മാത്രം മരണത്തിന് കീഴടങ്ങേണ്ടി വന്നു'' എന്നാണ് ഡോ.വിനോദ് ബി.നായർ ഫേസ്ബുക്കിൽ കുറിച്ചത്.