വടകര: ഐതിഹ്യങ്ങളിലെ വീരേതിഹാസ നായകരെ കാൻവാസിലേക്ക് പകർത്തിയ അശ്വതിയുടെ ചിത്രങ്ങൾ നാട്ടുകാർക്കിടയിൽ വിസ്മയം തീർക്കുകയാണ്. കടത്തനാട്ടിന്റെ അഭിമാനമായിരുന്ന തച്ചോളി ഒതേനന്റെ വീരഗാഥകളിലെ സന്ദർഭങ്ങളാണ് അശ്വതിയുടെ ബ്രഷുകളിലൂടെ തെളിഞ്ഞത്. ഒതേനന്റെ ജനനം മുതൽ മരണം വരെയുള്ള സന്ദർഭങ്ങൾ വാട്ടർ കളറിലും അക്രിലിക് പെയിന്റിലുമായി 8 മീറ്റർ നീളത്തിൽ ഉള്ള എട്ട് ക്യാൻവാസുകളിലായാണ് വരച്ചത്.
ഗണപതി, ഉമാ കല്യാണം, അഗോര ശിവൻ, കാമധേനു, മുത്തപ്പൻ, വേട്ട ശാസ്താവ്, ശ്രീകൃഷ്ണൻ, ശിവപാർവതി താണ്ഡവം, ഗജേന്ദ്രമോക്ഷം തുടങ്ങി എണ്ണിയാൽ തീരാത്ത കലാസൃഷ്ടികളാണ് വീട്ടിൽ നിറയുന്നത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ചിത്രകലയിൽ ബിരുദം നേടിയ അശ്വതി മൾട്ടിമീഡിയ ആനിമേഷനും ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയും, മ്യൂറൽ പെയിന്റിംഗും, ശില്പ നിർമ്മാണവും പഠിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കേരള ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് എക്സാം ഉൾപ്പെടെ മൂന്ന് ഗ്രൂപ്പ് എക്സിബിഷനിൽ അശ്വതിയുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. കുട്ടിക്കാലം മുതൽ ചിത്രകലയോട് ആഭിമുഖ്യമുണ്ടായിരുന്നു. അശ്വതിയുടെ സൃഷ്ടികളുടെ പ്രദർശനം ഒരുക്കുന്നതിനിടെയാണ് കൊവിഡ് വ്യാപിച്ചത്.
നിരവധി വീടുകളിൽ മ്യൂറൽ പെയിന്റിംഗും അശ്വതി വരച്ചു തീർത്തു. ദൈവങ്ങളും പ്രമുഖരുമായി നിരവധി. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി സ്പെഷ്യൽ ടീച്ചേഴ്സ് ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സാം പാസായെങ്കിലും ചിത്രകലാദ്ധ്യാപികയാവുക എന്ന ആഗ്രഹം സഫലീകരിക്കപ്പെട്ടിട്ടില്ല.
തുണികളിൽ ചിത്രങ്ങൾ വരക്കാനും പോട്രിയറ്റുകൾക്കായും ധാരാളം പേർ എത്തുന്നുണ്ടെന്ന് അശ്വതി പറയുന്നു. കൊവിഡ് ലോക്ഡൗൺ തുടങ്ങിയതോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബോട്ടിൽ ക്രാഫ്റ്റുകളും ഗ്ലാസ് പെയിന്റുകളും സജീവമായതോടെ ഇവയിൽ ചില പരീക്ഷണങ്ങൾ നടത്തുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ അശ്വതി. ധാന്യങ്ങൾ, തുണി, ഇഷ്ടിക, കല്ലുകൾ, പൂഴി, മരത്തടികൾ, മുത്തുകൾ എന്നിവകൾ ഉപയോഗിച്ചുള്ള കലാസൃഷ്ടികളും ഒരുക്കുന്നുണ്ട്. ശില്പ നിർമ്മാണത്തിലും തത്പരയാണ് ഈ ചിത്രകാരി. സയാമിസ് ഇരട്ടകൾ, മത്സ്യകന്യക, ഗോൾഡ് ഫിഷ്, അമ്മയും കുഞ്ഞും നിർമ്മിച്ച ശില്പങ്ങളിൽ ചിലത്. ഏറാമല എടത്തട്ട ചന്ദ്രൻ -റീന ദമ്പതികളുടെ മകളാണ് അശ്വതി. അനുജത്തി ശില്പ. കണ്ണൂക്കര കേളു ബസാറിലെ അരുൺ രാജാണ് ഭർത്താവ്.