ഇന്ന് ലോക ടൂറിസം ദിനം
എല്ലാ അർത്ഥത്തിലും വിനോദസഞ്ചാരമേഖല തകർന്നിരിക്കുന്നു. വേൾഡ് - ടൂറിസം ഓർഗനൈസേഷൻ, വേൾഡ് ടൂറിസം ആൻഡ് ട്രാവൽ കൗൺസിൽ, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ തുടങ്ങി എല്ലാ സംഘടനകളും പറയുന്നത് 60- 80 ശതമാനം വരെ വരുമാന ഇടിവ് സംഭവിക്കുമെന്നാണ്. മേഖല പൂർവസ്ഥിതിയിലാകാൻ ഇനിയും10 മാസമെങ്കിലും എടുക്കും .
ഒരു വിനോദയാത്രയ്ക്ക് ഒട്ടനവധി സ്ഥാപനങ്ങളുടെ സേവനം ആവശ്യമാണ്. അതുകൊണ്ടുതന്നെ ടൂറിസം രംഗത്തിന്റെ തകർച്ച പലതരം സ്ഥാപനങ്ങളുടെയും തകർച്ചയാണ്. വേൾഡ് ടൂറിസം ആൻഡ് ട്രാവൽ കൗൺസിൽ ലോകവിനോദസഞ്ചാര മേഖലയെ മാന്ദ്യത്തിൽ നിന്നും കരകയറ്റാനായി 'വേൾഡ് സേഫ് ട്രാവൽ സ്റ്റാമ്പ് ' എന്ന അംഗീകാര പ്രക്രിയ തുടങ്ങിയിട്ടുണ്ട്. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളിലൂടെ, ടൂറിസംരംഗം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടവിധം ഉൾക്കൊള്ളുന്നതാണിത്. മാനദണ്ഡം പാലിച്ചാൽ സേഫ് ട്രാവൽ സ്റ്റാമ്പ് അംഗീകാരം ലഭിക്കും. ടൂറിസം സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ മാത്രമല്ല, ഡെസ്റ്റിനേഷനോ , രാജ്യത്തിന് മുഴുവനായോ അംഗീകാരം കരസ്ഥമാക്കാം. ഇൗ നീക്കത്തിന് ഡബ്ളിയു.ടി.ഒ. പൂർണപിന്തുണ നല്കി. ടൂറിസം മേഖലയുടെ പെട്ടെന്നുള്ള ഉയർത്തെഴുന്നേല്പിന് അംഗീകാരം പ്രയോജനപ്പെടുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. .
മാലദ്വീപ് ജൂലായ് 15 നു തന്നെ രാജ്യം വിനോദസഞ്ചാരത്തിന് തുറന്നുകൊടുത്തു. പ്രഖ്യാപനം നടന്ന ദിവസം തന്നെ 107 വിദേശസഞ്ചാരികളുമായി വിമാനം മാലദ്വീപിലെത്തി.
ടൂറിസംരംഗത്തെ പൂർവസ്ഥിതിയിലെത്തിക്കാൻ ഇറ്റലി സ്പെഷ്യൽ അംബാസിഡറെ നിയമിച്ചു. ഭാഗികമായി വിനോദസഞ്ചാര മേഖല വിദേശികൾക്കായി തുറന്നുകൊടുത്തു.
യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയും ടൂറിസത്തെ രംഗത്തിന്റെ തിരിച്ചുവരവിന് തയാറെടുപ്പുകൾ തുടങ്ങി. കൊവിഡ് ഏറ്റവും കൂടുതൽ വിപത്ത് വിതച്ച അമേരിക്കയുംടൂറിസം രംഗത്തെ പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടങ്ങി. ആദ്യശ്രമം ഡൊമസ്റ്റിക് ടൂറിസം പഴയ രീതിയിലെത്തിക്കാനാണ്. ന്യൂയോർക്ക് മേയറുടെ ഓപ്പൺ റസ്റ്റോറന്റ് ആശയം നടപ്പാക്കാൻ ഒമ്പതിനായിരം റസ്റ്റോറന്റ് ഉടമകൾ പ്രക്രിയ ആരംഭിച്ചു.
ബ്രിട്ടനും വിനോദസഞ്ചാരത്തിന് സജ്ജരായിക്കഴിഞ്ഞു. ആദ്യപടിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾക്ക് ക്വാറന്റൈൻ വ്യവസ്ഥയില്ലാതെ, സഞ്ചാരികളെ ജൂൺമാസം മുതൽ അനുവദിച്ചു. ഡൊമസ്റ്റിക് ടൂറിസത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ജർമ്മനി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മേഖല തുറന്നു. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും ആഭ്യന്തര ടൂറിസം മികച്ച നിലയിലായി. തായ്ലന്റ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാരമേഖലയും ഉണർവിലേക്കാണ്. തായ്ലൻഡിലെ ക്രൂസ് തുടങ്ങിയപ്പോൾ ലഭിക്കുന്ന നല്ല പ്രതികരണം ശുഭലക്ഷണമാണ്.
ഏറെ മേന്മകൾ അവകാശപ്പെടാവുന്ന വിനോദസഞ്ചാരമേഖല ഉൾക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം. കടലും കായലും കുന്നുകളും നീണ്ടതല്ലാത്ത യാത്രയിലൂടെ ആസ്വദിക്കാനാവുക. ആസ്വാദ്യകരമായ കാലാവസ്ഥ, ആയുർവേദത്തിന്റെയും യോഗയുടെയും കേന്ദ്രം, മിതമായ നിരക്കിൽ ലഭ്യമാകുന്ന ഹോട്ടലുകൾ എന്നിവയൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്.
ഇപ്പോൾത്തന്നെ വിദേശട്രാവൽ ഏജൻസികളിൽനിന്നും മികച്ച നിലയിൽ ബുക്കിംഗിന് അന്വേഷണങ്ങൾ വന്നുതുടങ്ങി. മാത്രമല്ല, ചില ഹോട്ടലുകളിൽ ഡിസംബർ മാസത്തേക്കുവരെ ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖല മുൻകാലങ്ങളെക്കാൾ മെച്ചത്തിൽ ആഘോഷത്തോടെ തിരിച്ചെത്തുമെന്നതിൽ സംശയമില്ല. പക്ഷേ, അനിവാര്യമായ ചെറിയൊരു സാവകാശം വേണ്ടിവരും എന്നുമാത്രം.
ചെറിയ സാവകാശത്തിൽ ചില കാര്യങ്ങൾ ചെയ്താൽ ഉയർത്തെഴുന്നേല്പ് കൂടുതൽ മോടിയോടെയാകും. പാക്കേജ് അനുസരിച്ച് വരുന്ന സഞ്ചാരികൾക്ക് കൊച്ചിയിൽനിന്നും തിരുവനന്തപുരം വരെ റോഡ് യാത്ര അനിവാര്യമാണ്. അതിനാൽ കുഴിയില്ലാത്ത റോഡുകൾ അത്യാവശ്യമാണ്. ഈ മേഖലയിൽ മുതൽ മുടക്കിയവർ അഭിമുഖീകരിക്കുന്ന സാമ്പത്തികം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പലപ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേരള സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തികച്ചും അപര്യാപ്തമാണ്. ലോണുകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു പാക്കേജ് അനിവാര്യമാണ്.
വിനോദസഞ്ചാര മേഖല കേരളത്തിന് നൽകുന്ന സാമ്പത്തികഭദ്രത ചെറുതല്ലെന്ന് ഓർക്കുക. കഴിഞ്ഞവർഷം മാത്രം നാല്പത്തി അയ്യായിരം കോടി രൂപയാണ് മേഖലയിലെ മൊത്തവരുമാനം. വിദേശനാണ്യം പതിനായിരം കോടി കടന്നിരിക്കുന്നു. പന്ത്രണ്ട് ലക്ഷത്തോളം വിദേശികൾ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചു. ഇൗ നേട്ടങ്ങളെല്ലാം സർക്കാരിന് കിട്ടുമ്പോൾ, ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വരുന്നവർക്ക്, സ്വകാര്യമേഖലയ്ക്ക് ചില കാര്യങ്ങൾ സർക്കാർ തലത്തിൽ മാത്രമേ ചെയ്യാനാകൂ. ടൂറിസംരംഗത്ത് ഇനി വരുന്ന ദിനങ്ങൾ വിജയകഥകൾ മാത്രമുള്ളതാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
(ഉദയ സമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് കോ-ഓപ്പറേറ്റ് ഫൈനാൻസ് വൈസ് പ്രസിഡന്റാണ് ലേഖകൻ)