കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പിയുടെ അധികചുമതല വഹിക്കുന്ന പത്തനംതിട്ട എസ്.പി കെ.ജി. സൈമണും സംഘവും ഇന്നലെ റംസിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും വിശദാംശങ്ങളും ലോക്കൽ പൊലീസ് അന്വേഷണത്തിൽ പരാതികൾക്കിടയായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെ ഡിവൈ.എസ്.പി പി. അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.
ഹാരിസും റംസിയും പ്രണയത്തിലായത് മുതൽ വിവാഹനിശ്ചയം വരെയുള്ള കാര്യങ്ങളും വിവാഹവാഗ്ദാനം നൽകി നടത്തിയ പണ ഇടപാടുകളും റംസിയെ ഗർഭച്ഛിദ്രത്തിന് ഇരയാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളും കുടുംബാംഗങ്ങൾ എസ്.പിയെ ധരിപ്പിച്ചു. റംസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറി പരിശോധിച്ച സംഘം വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ആൽബം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. യുവതിയും ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ, ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച് ആത്മഹത്യാശ്രമം നടത്തിയതിന്റെ ചിത്രം, ഹാരിസും ഹാരിസിന്റെ ഉമ്മയുമായുള്ള ഫോൺ സംഭാഷണങ്ങൾ, വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ, പണം കൈപ്പറ്റിയതിന്റെ രേഖകൾ, ഹാരിസ് തയ്യാറാക്കിയ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ തെളിവുകളും റംസിയുടെ കുടുംബം എസ്.പിയെ ബോദ്ധ്യപ്പെടുത്തി.
യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിൽ ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിക്കും ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്ന ആരോപണവും ഇവർ ഉന്നയിച്ചു.
''മരണവുമായി ബന്ധമുള്ള ഒരാളും കേസിൽ നിന്ന് രക്ഷപ്പെടില്ല. പരാതിയിലെ കാര്യങ്ങളും റംസിയുടെ വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ച് വ്യക്തമായ തെളിവുകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാകും നടി ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുക.
കെ.ജി സൈമൺ, എസ്.പി