അമിത കൂലി ചോദിച്ച് പാചകവാതക വിതരണക്കാർ
കൊല്ലം: പാചകവാതക വിതരണക്കാർ അമിത വിതരണക്കൂലി ഈടാക്കി വീട്ടമ്മമാരെ കൊള്ളയടിക്കുന്നു. ബില്ലിൽ വിതരണക്കൂലി കൂടി ചേർക്കണമെന്ന ചട്ടം പാലിക്കാതെ പാചക വാതക ഏജൻസികളും തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്.
അഞ്ച് കിലോ മീറ്റർ ചുറ്റളവിനുള്ളിൽ വിതരണക്കൂലി ഈടാക്കരുതെന്നാണ് ചട്ടം. എന്നാൽ കൊല്ലം ബീച്ചിന് സമീപത്തെ വിതരണ ഏജൻസിയിൽ നിന്നുള്ള ഗ്യാസ് സിലിണ്ടർ പള്ളിത്തോട്ടം മേഖലയിലെ വീടുകളിലെത്തിച്ച ശേഷം 60 രൂപ വിതരണക്കൂലിയായി ഈടാക്കി. സമീപത്തെ വീടുകളിൽ നിന്ന് മാസങ്ങളായി ഇത്തരത്തിൽ അമിത നിരക്ക് വാങ്ങുന്നതായും പരാതിയുണ്ട്. ഏജൻസിയുടെ ഓഫീസും പള്ളിത്തോട്ടം മേഖലയും തമ്മിൽ കേവലം അര മുതൽ ഒന്നര കിലോ മീറ്റർ വരെ അകലമേയുള്ളു. ഈ ഏജൻസിയുടെ ബില്ലിൽ വിതരണക്കൂലി രേഖപ്പെടുത്തിയിട്ടുമില്ല. നേരത്തെ ചെറിയ തുക വീട്ടുകാർ തന്നെ വിതരണക്കൂലിയായി നൽകുമായിരുന്നു. ഇപ്പോൾ 50 മുതൽ 130 രൂപ വരെ പലയിടങ്ങളിലും വിലപേശി പിടിച്ചുവാങ്ങുകയാണ്. ഗ്യാസ് സിലിണ്ടറുമായി എത്തുമ്പോൾ പുരുഷന്മാരുണ്ടാകില്ല. തർക്കം വേണ്ടെന്ന് കരുതി സ്ത്രീകൾ പലപ്പോഴും ചോദിക്കുന്ന കാശ് നൽകുകയാണ്. കൂലിയിൽ കുറച്ചാൽ സിലിണ്ടർ ബുക്ക് ചെയ്താലും കൃത്യസമയത്ത് എത്തിക്കില്ലെന്ന ഭയവും പലർക്കുമുണ്ട്.
കൂലിയുടെ കാര്യത്തിൽ സ്ഥിരമായി വിലപേശുന്നവർക്ക് വിതരണക്കാർ പണിയും കൊടുക്കാറുണ്ട്. വീടിന് മുന്നിൽ എത്തിക്കാതെ റോഡിൽ ഇറക്കിവച്ച ശേഷം മടങ്ങുകയാണ്. ഇതുസംബന്ധിച്ച പരാതി വിതരണ ഏജൻസികളെ പലതവണ ബോദ്ധ്യപ്പെടുത്തിയിട്ടും മാറ്റമില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
''
ഉപഭോക്തളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് വിതരണ ഏജൻസികളിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. ബില്ലിൽ വിതരണക്കൂലി രേഖപ്പെടുത്തിയില്ല, അമിത വിതരണക്കൂലി വാങ്ങി തുടങ്ങിയ പരാതികൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. ഈ ഏജൻസികൾക്ക് ഉടൻ മെമ്മോ നൽകും.
ഉണ്ണിക്കൃഷ്ണകുമാർ, ജില്ലാ സപ്ലൈ ഓഫീസർ
ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വിതരണക്കൂലി (കിലോ മീറ്റർ നിരക്കിൽ)
0-5- സൗജന്യം
5-10: 32
10-15: 42
15-20: 50
20-25: 58
25-30: 66
(തുകയ്ക്ക് ആനുപാതികമായി ജി.എസ്.ടി കൂടി നൽകണം)