കൊല്ലം: ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് 29ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നതും കാത്തിരിക്കുകയാണ് ചവറ. ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മിഷൻ നടത്തിയ മാദ്ധ്യമ സമ്മേളനത്തിൽ ചവറയെ പരാമർശിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന സംസ്ഥാന സർക്കാർ നിലപാടും സർവകക്ഷി യോഗത്തിന്റെ അഭ്യർത്ഥനയും 29ന് കമ്മിഷൻ പരിഗണിക്കും.
ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നും ആറ് മാസങ്ങൾക്ക് അപ്പുറം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മതിയെന്നും കമ്മിഷൻ തീരുമാനിച്ചാൽ ആവേശത്തിന്റെ കൊടി താഴും. മറിച്ച് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ യു.ഡി.എഫിന് ഔദ്യോഗിക പ്രചാരണം ആരംഭിക്കാൻ താമസമില്ല. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യു.ഡി.എഫ് ആദ്യ റൗണ്ട് നവമാദ്ധ്യമ പ്രചാരണവും പൂർത്തിയാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് എൽ.ഡി.എഫിനും ബി.ജെ.പിക്കും അതിവേഗം കടക്കേണ്ടി വരും. പുറമെ പലതും പറയുന്നുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന അമിത ആത്മവിശ്വസവും നടത്തരുതെന്ന ആഗ്രഹവുമാണ് മുന്നണികൾക്ക്. ആറ് മാസം പോലും തികച്ചില്ലാത്ത ഒരു എം.എൽ.എ പദവിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ ഒരു മുന്നണിക്കും താത്പര്യമില്ല.
എൽ.ഡി.എഫിൽ സി.പി.എം മത്സരിക്കുന്ന സീറ്റിൽ അന്തരിച്ച എം.എൽ.എ എൻ.വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിജയനാണ് പ്രഥമ പരിഗണന. ഉപതിരഞ്ഞെടുപ്പായാലും ആറ് മാസത്തിന് ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി മത്സരം നടന്നാലും സുജിത്തിനെ തന്നെ പരിഗണിക്കണമെന്ന അഭിപ്രായമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്. എൻ.ഡി.എയിൽ ബി.ജെ.പി മത്സരിക്കുന്ന ചവറയിൽ മുൻ ജില്ലാ പ്രസിഡന്റ് എം.സുനിൽ ആയിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി. ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന വിശ്വാസത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കാര്യമായി ബി.ജെ.പിയിൽ നടന്നിട്ടില്ലെന്നാണ് വിവരം.