പത്തനംതിട്ട: ഇവിടെയൊരു പുഴ സാദ്ധ്യമോ എന്നു ചോദിച്ചവർക്കു മുന്നിലൂടെ ഇരമ്പിയൊഴുകുകയാണ് വരട്ടാർ. വഴിമുടങ്ങി ജലപ്രവാഹം നിലച്ച് വരണ്ടുണങ്ങിയ വരട്ടാർ കൈയേറ്റത്താൽ അപ്പാടെ കരഭൂമിയായിരുന്നു.
ആ പുഴവഴിയിലൂടെ ഒരുകൂട്ടം ആളുകൾ നടന്നു, 'വരട്ടെ ആർ' എന്ന മുദ്രാവാക്യം മുഴങ്ങി. നാടൊന്നാകെ അണിചേർന്ന് പുഴയ്ക്ക് വഴിയൊരുക്കി. അങ്ങനെ, പമ്പയുടെ കൈവഴിയായ വരട്ടാർ മൂന്നു വർഷമായി നിറഞ്ഞൊഴുകുന്നു. വളളംകളി നടത്തുന്നു. ലോക നദി ദിനമായ ഇന്ന് ആ വിജയഗാഥയറിയാം.
2013ൽ അന്നത്തെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എൻ.രാജീവ് പത്തനംതിട്ട കളക്ടറായിരുന്ന പ്രണബ് ജ്യേതിനാഥിനെ കണ്ട് വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചാൽ ഇരിവിപേരൂർ, കോയിപ്രം, കുറ്റൂർ ഗ്രാമ പഞ്ചായത്തുകളെ വരൾച്ചയിൽ നിന്ന് രക്ഷിക്കാം എന്ന ആശയം അവതരിപ്പിച്ചു. കളക്ടർ പ്ളാൻ ആവശ്യപ്പെട്ടു. ഇരവിപേരൂർ, കോയിപ്രം, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് നടപടികൾ നീക്കി. ജനകീയ കൂട്ടായ്മ രൂപീകരിച്ച് നടപ്പാക്കാമെന്ന നിർദ്ദേശത്തോടെ പദ്ധതി 2017ൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമയ്ക്ക് സമർപ്പിച്ചു. 'വരട്ടെ ആർ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പിറന്നു. ജനകീയ ധനസമാഹരണത്തിൽ 28.52 ലക്ഷം രൂപ ലഭിച്ചു. ആദ്യ ദിവസത്തെ ചെലവ് 16800 രൂപ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് നൽകി. മന്ത്രി താേമസ് ഐസക്കിന്റെ നേതൃത്തിൽ പുഴ നടത്തം ജനകീയ പരിപാടിയായി. വരട്ടാറിന്റെ വീണ്ടെടുപ്പ് പ്രഖ്യാപനം
സെപ്തംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഭാരതപ്പുഴയും പഴയപോലെ..
വരട്ടാർ മാതൃകയിൽ ഭാരതപ്പുഴയിലെ കൈയേറ്റം ഒഴിപ്പിച്ച് വിസ്തൃതി വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ചുമതല മെട്രോമാൻ ഇ.എം. ശ്രീധരനെ ഏൽപ്പിച്ചിരിക്കുകയാണ്. അദ്ദേഹം വരട്ടാർ സന്ദർശിക്കാനിരിക്കെയാണ് ലാേക്ക് ഡൗൺ പ്രഖ്യപിച്ചത്.
ജൈവ വൈവിദ്ധ്യ പാർക്ക്
വരട്ടാർ പുനരുജ്ജീവനത്തിന്റെ തുടർച്ചയായി തീരത്ത് ജൈവ വൈവിദ്ധ്യ പാർക്ക് നിർമ്മിക്കും. മരങ്ങൾ, ഒൗഷധ സസ്യങ്ങൾ, ഫല വൃക്ഷങ്ങൾ തുടങ്ങിയവ വളർത്തും.
വരട്ടാർ
നീളം: 12 കിലോമീറ്റർ
വീതി: 80 -125 മീറ്റർ
തുടക്കം, ഒടുക്കം
ഇരവിപേരൂർ പുതുക്കുളങ്ങരിയിൽ പമ്പയുടെ കൈവഴിയായി തുടങ്ങി ചെങ്ങന്നൂർ ഇരമല്ലിക്കരയിൽ മണിമലയാറിൽ ചേരുന്നു.