പത്തനംതിട്ട: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് എൻ.ഡി.എ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജ് നടത്തി. ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ, ശ്യാം, സുരേഷ് പെരുമ്പേട്ടി, ജയകുമാർ എന്നിവർക്ക് പരിക്കേറ്റു. പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലും പത്തനംതിട്ട എസ്.എച്ച്.ഒ. ന്യൂമാൻ അടക്കം 15 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക്12ന് അബാൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി. കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിനേക്കാൾ പ്രവർത്തകരുടെ എണ്ണമായിരുന്നു കൂടുതൽ. ഒരു വാനിലും മൂന്ന് പൊലീസ് ജീപ്പിലുമായി പ്രവർത്തകരെ നീക്കം ചെയ്തു. ബാക്കിയുണ്ടായിരുന്ന പ്രവർത്തകരെ നീക്കാനായി വീണ്ടും പൊലീസ് വാനെത്തിച്ചപ്പോഴാണ് സംഘർഷവും ലാത്തിചാർജുമുണ്ടായത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനെ ചോദ്യം ചെയ്ത് പ്രവർത്തകർ പൊലീസുകാരെ ഉന്തിമാറ്റി. ലാത്തി വീശിയതോടെ പ്രവർത്തകർ ചിതറിയോടി.
ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് വൈസ് പ്രസിഡന്റ് എം.എസ്. അനിൽ അദ്ധ്യക്ഷനായിരുന്നു. ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി.എ. സൂരജ്, ജില്ലാ ഭാരവാഹികളായ ബിന്ദു പ്രസാദ്, മിനി ഹരികുമാർ, ജയ ശ്രീകുമാർ, പി.ആർ. ഷാജി, വിഷ്ണു മോഹൻ, ടി കെ പ്രസന്നകുമാർ, ജയശ്രീ ഗോപി, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.